ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ നവീകരണത്തിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. 25ന് രാത്രി 10 മണിയോടെയാണ് വാല്‍വ് അടക്കമുള്ളവ മാറ്റി നവീകരിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്.
ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി എടുത്ത ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ഇങ്ങോട്ട് വരാനാകാതെ വന്നു. പിന്നീട് കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മഴക്കാല ആരംഭത്തിലാണ് അറ്റകുറ്റപണി തുടങ്ങിയത്.
130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്. ഇതില്‍ രണ്ട് ജനറേറ്ററുകള്‍ നാല് മാസത്തിലധികമായി തകരാറിലായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ഈ മാസം ആറിന് ആറാം നമ്പര്‍ ജനറേറ്റര്‍ അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 20ന് തകരാറിലായ രണ്ടാം നമ്പര്‍ ജനറേറ്റര്‍ ആണ് നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. ഇതിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. ഇത് ജൂലൈ അവസാനത്തോടെ എത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ചക്കുള്ളില്‍ പണി തീര്‍ത്ത് ആഗസ്റ്റ് ആദ്യവാരത്തോടെ ഈ ജനറേറ്ററും പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം നിലവില്‍ മഴയുടെ അളവ് പ്രതീക്ഷിച്ചതിലും ഏറെ കുറവായതിനാല്‍ ഉത്പാദനം ഉയര്‍ത്താനുള്ള സാധ്യത കുറവാണ്. ഈ വാരം നടക്കുന്ന ഉദ്യോഗസ്ഥ തല യോഗത്തിലാകും ഇത് തീരുമാനിക്കുക. ഇടുക്കിയില്‍ നിലവില്‍ 28% വെള്ളമാണ് അവശേഷിക്കുന്നത്.
നവീകരിച്ചത് മൂന്നെണ്ണം
ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 44 വര്‍ഷം പിന്നിടുമ്പോള്‍ 1976ല്‍ പ്രവര്‍ത്തനം തുടങ്ങിയ മൂന്ന് ജനറേറ്ററുകളാണ് നവീകരിക്കാനായത്. ഇത് തന്നെ മൂന്ന് വര്‍ഷത്തോളമെടുത്തു. 1986ല്‍ പ്രവര്‍ത്തനം ആരംഭിച്ച അവശേഷിക്കുന്ന 4, 5, 6 ജനറേറ്ററുകള്‍ പുതിയ കരാര്‍ വിളിച്ച് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ 2025 എങ്കിലും ആകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. കൊറോണ നീണ്ട് പോകുംതോറും ഇതിന്റെ നടപടികളും നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: