സംഘര്‍ഷാത്മകമായ മനസ്സുകളില്‍ സാന്ത്വനത്തിന്റെ കുളിരേകുവാന്‍ ഒരു പരിധിവരെ സംഗീതത്തിന് കഴിയും. കാലദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത കല. തെന്നിന്ത്യന്‍ രാഗതാളങ്ങളുടെ സമ്മേളനമായ കര്‍ണാട്ടിക് സംഗീതത്തോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന സ്വരലയതാളങ്ങളാണ് മലയാള ലളിത സംഗീതത്തിനുള്ളത്. കവിതകളിലെ സരളപദങ്ങളെ സംഗീതസാന്ദ്രമാക്കുന്ന മെലഡികളാക്കിത്തീര്‍ത്ത നിരവധി സംഗീത സംവിധായകര്‍ നമുക്കുണ്ടെങ്കിലും അവരില്‍നിന്നൊക്കെ വേറിട്ട് തന്റെതായ രാഗവിസ്താരങ്ങളില്‍ പാട്ടിനു പട്ടുചാര്‍ത്തിയ ഒരാളുണ്ട്-എം.ജി. രാധാകൃഷ്ണന്. 2010 ജൂലൈ രണ്ടിന് ആ സിംഫണി നിലച്ചിട്ട് ദശവര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് വന്ന ഒരുപാടു മധുരഗാനങ്ങളാണ്.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ ഉദ്യോഗം ലഭിച്ചതോടെ രാധാകൃഷ്ണന് സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുവാന്‍ അവസരങ്ങള്‍ സുലഭമായിരുന്നു. നിലയത്തില്‍ ലളിതസംഗീതപാഠം എന്ന പരിപാടിക്കു തുടക്കം കുറിച്ചതുതന്നെ രാധാകൃഷ്ണനായിരുന്നു. പ്രശസ്തരായ കവികളുടെ എത്രയെത്ര കവിതകളും ഗാനരചനകളും സംഗീതം നല്കി പ്രക്ഷേപണം ചെയ്തിരുന്നു. എസ്. രമേശന് നായര്‍, ഒഎന്‍വി, പി.ഭാസ്കരന് ബിച്ചു തിരുമല തുടങ്ങിയ പ്രഗത്ഭരുടെ രചനകള്‍ സുഗമസംഗീതമായി ശ്രോതാക്കളിലേക്ക് എത്തിക്കുകയായിരുന്നു. അവയൊക്കെ ശ്രുതിശുദ്ധമായി, ശാന്തമായി ഓര്‍ക്കെസ്ട്രയുടെ കിടിലമേളങ്ങളില്ലാതെ ഒഴുകിയെത്തി. പ്രതിഭാ സമ്പന്നരായ ഗായികാ ഗായകന്മാരെ ഈ രംഗത്തേക്കു കൈപിടിച്ചു കൊണ്ടുവരികയും, പില്ക്കാലത്ത് അവര്‍ പ്രശസ്തിയിലേക്ക് ഉയരുകയുമുണ്ടായി. കെ. എസ്. ചിത്രയുടെ ചേച്ചി കെ.എസ്. ബീന, അരുന്ധതി, ജി. വേണുഗോപാല്‍, പട്ടണക്കാടു പുരുഷോത്തമന് എന്നിവര്‍ ഇവരില്‍പ്പെടുന്നു.
”അഷ്ടപതിലയം തുള്ളിത്തുളുമ്പുന്ന അമ്പലപ്പുഴയിലെന്നാലമ്പലങ്ങളില്‍” എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം ഒരു ഉള്‍പുളകമായി ഇന്നും നിലനില്‍ക്കുന്നത് ആ വരികളിലെ സംഗീത മനോഹാരിതയാലാണ്.
ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ… എന്ന ഗാനത്തിന് എം.ജി. ശ്രീകുമാറാണ് ശബ്ദം നല്‍കിയത്.
ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു… കമുകറ പുരുഷോത്തമന് പാടിയത്.മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി… പി.ഭാസ്കരന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയത് അരുന്ധതിയായിരുന്നു.
ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയില്‍… എന്നു തുടങ്ങുന്ന എസ്. രമേശന് നായരുടെ വരികള്‍ ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. പിന്നീടങ്ങോട്ട് എം.ജി. രാധാകൃഷ്ണനില്‍ നിന്ന് ഉതിര്‍ന്നുവീണ ഗാനങ്ങള്‍ക്കെല്ലാം പത്തരമാറ്റിന്റെ മതിപ്പായിരുന്നു. വരികളെ സുസൂക്ഷ്മം മനസ്സിലാക്കി അതിനിണങ്ങുന്ന രാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ രാധാകൃഷ്ണനുള്ള കഴിവുകള്‍ അസാമാന്യമായിരുന്നു. ആഭേരി, ഹരികാംബോജി, ഹിന്ദോളം, പന്തുവരാളി, മോഹനം, കല്യാണി, ഹംസനാദം, വൃന്ദാവനസാരംഗ, കാപ്പി, മായാമാളവഗൗള തുടങ്ങിയ സമ്പൂര്‍ണരാഗങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതില്‍ തികഞ്ഞ വൈദഗ്ദ്ധ്യം കാട്ടി. 30 വര്‍ഷം ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അവിഭാജ്യഘടകമായ ശേഷം വിരമിച്ചിട്ടും സംഗീതത്തോടുള്ള അഭിനിവേശം വിട്ടുമാറാത്ത മനസ്സുമായി മലയാള ചലച്ചിത്രഗാന സംവിധാന രംഗത്തേക്ക് സപര്യയെ വഴിതെളിക്കുകയായിരുന്നു.
1978ല്‍ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇതേ സംവിധായകന്റെ ‘ആരവം’ എന്ന ചിത്രത്തിലെ മുക്കുറ്റി തിരുതാളി… എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നാല്പതോളം സിനിമക്കുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. അങ്ങനെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഒരുപാടു ഗാനങ്ങള്‍ പിറന്നു.
കാനകപ്പെണ്ണ് ചെമ്പരത്തി…, ഓ മൃദുലേ ഹൃദയമുരളിയില്‍…, നാഥാ നീ വരും കാലൊച്ച…, പൂമുഖവാതിലില്‍ സ്നേഹം തുളുമ്പുന്ന…, പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍…, ഒരു മുറൈ വന്തു പാര്‍ത്തായാ…, വന്ദേ മുകുന്ദഹരേ!…, ശിവമല്ലിക്കാവ്…, തിരഞൊറിയും ചുരുള്‍മുടിയില്‍…, ചന്ദനമണി സന്ധ്യകളുടെ…, ശാരികേ ശാരികേ സിന്ധു ഗംഗ നദീ…, ഉണ്ണി ഗണപതിയെ! എന്നിങ്ങനെ നിരവധി ചലച്ചിത്രഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചു. രണ്ടുഗാനങ്ങള്‍ അദ്ദേഹം തന്നെ പാടിയിട്ടുമുണ്ട്. ശാരികേ! ശാരികേ! എന്നതും ഉണ്ണി ഗണപതിയെ… എന്നിവയാണിത്. രണ്ടും ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.
മണിചിത്രത്താഴ് എന്ന സിനിമയിലെ പാട്ടുകള്‍ ഇന്നും സജീവമായി നില്ക്കുമ്പോള് എം.ജി. രാധാകൃഷ്ണന് എന്ന സംഗീതജ്ഞന് പ്രേക്ഷകരുടെയും ആരാധകരുടെയും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.
സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന് നായരുടെയും മികച്ച ഹരികഥ കലാകാരി കമലാക്ഷിയമ്മയുടെയും മകനായി ആലപ്പുഴയിലെ ഹരിപ്പാട് ആയിരുന്നു എം.ജി. രാധാകൃഷ്ണന്റെ ജനനം. സംഗീതജ്ഞയും പ്രൊഫസറുമായ ഡോ. കെ. ഓമനക്കുട്ടിയും പിന്നണി ഗായകന് എം.ജി. ശ്രീകുമാറും സഹോദരങ്ങളാണ്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം നേടി. കെ.ജെ. യേശുദാസ് സതീര്‍ത്ഥ്യനായിരുന്നു. രണ്ടുവട്ടം മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ഏഷ്യാനെറ്റിന്റെ പുരസ്കാരവും ലഭിച്ചു.
പ്രിയ പത്നി പത്മജ രാധാകൃഷ്ണന് അന്തരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പത്മജയും പാട്ടുകള്‍ എഴുതുകയും എംജി അതു ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: