വിവിധ സാഹിത്യ ശാഖകളില്‍ വൈവിധ്യമാര്‍ന്ന രചനകള്‍ നടത്തിയിട്ടുള്ള കാരൂര്‍ സോമന്റെ ശ്രദ്ധേയമായ നാടകമാണ് കാലപ്രളയം. പേര് സൂചിപ്പിക്കുന്നതുപോലെ കേരളം അനുഭവിച്ച പ്രളയദുരന്തമാണ് പ്രമേയം. തമ്മില്‍ തമ്മില്‍ അസൂയ പുലര്‍ത്തിയും മത്സരിച്ചും പടുത്തുയര്‍ത്തിയതെല്ലാം കണ്മുന്നില് നിഷ്ഫലമാവുന്ന കാഴ്ചയാണ് പ്രളയം സമ്മാനിച്ചത്. സ്നേഹം എന്ന വികാരത്തിനും സഹകരണം എന്ന മനോഭാവത്തിനും മാത്രം വിലയുണ്ടായിരുന്ന ഒരു കാലമായിരുന്നു അത്. സമ്പാദിച്ചുകൂട്ടിയതെല്ലാം ഒറ്റയടിക്ക് പ്രളയം ഒഴുക്കിക്കൊണ്ടുപോയപ്പോള്‍ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു മലയാളിക്ക്. സ്നേഹത്തിനപ്പുറം മറ്റൊന്നിനും വിലയില്ലെന്ന് അവര്‍ പഠിച്ചു.
കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തല ഭൂമികയില്‍ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരര്‍ത്ഥകത വെളിപ്പെടുത്തുന്ന നാടകമാണിതെന്ന് അവതാരികയില്‍ ജോര്‍ജ് ഓണക്കൂര്‍ പറയുന്നു. പ്രമേയം പൂര്‍ണമായി ഉള്‍ക്കൊണ്ട് ഭാവ തീവ്രമായി ആവിഷ്കരിക്കാന്‍ നാടകകൃത്തിന് കഴിഞ്ഞിരിക്കുന്നു. പതിനാല് രംഗങ്ങളിലൂടെ പൂര്‍ണമാകുന്ന നാടകത്തിലുടനീളം ചടുലമായ സംഭാഷണങ്ങളും ഉജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളുമാണ് വായനക്കാരെ കാത്തിരിക്കുന്നത്. മലയാളിയുടെ പരിസരങ്ങളില്‍നിന്ന് കയറി വന്നിരിക്കുന്ന പതിനാറ് കഥാപാത്രങ്ങള്‍. ഇവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാന്‍ മലയാളിയുടെ മനസ്സാക്ഷിക്ക് കഴിയില്ല. കഥാപാത്രങ്ങള്‍ക്ക് സവിശേഷമായ വ്യക്തിത്വം നല്കാന് നാടകകൃത്തിന് കഴിഞ്ഞിരിക്കുന്നു.
”ചാണ്ടി: ദൈവമേ, എവിടെ എന്റെ അതിരുകള്‍… എവിടെ ഞങ്ങളുടെ അദ്ധ്വാനം… നാലു തലമുറയുടെ അദ്ധ്വാനത്തെ മഴ ഒഴുക്കിക്കൊണ്ടുപോയി.
(അയാള്‍ കരഞ്ഞു. കേശവന് നായരെ നോക്കി)
എവിടെ നമ്മുടെ വീടുകള്‍.
(അവര്‍ വീണ്ടും പരസ്പരം നോക്കി)
എന്റെ അഹന്ത… എന്റെ പാരമ്പര്യം. എന്റെ മരം. എന്റെ മനസ്സിലെ അഹങ്കാരം… എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി. എവിടെ എന്റെ മാളിക. എന്റെ കൃഷി… തലമുറകള്‍ ഈ മണ്ണിലൊഴുക്കിയ വിയര്‍പ്പ്… അത് കുടിച്ച് പൂത്ത സമൃദ്ധി. എല്ലാം എവിടെ… എവിടെ ഞാന്‍ കെട്ടിപ്പിടിച്ചിരുന്ന എന്റെ നിധി! (വല്ലാതെ വിതുമ്പി ഒരു ഭ്രാന്തനെപ്പോലെ)
കേശവന് നായര്‍: എല്ലാം എല്ലാം പ്രകൃതി ഒഴുക്കിക്കൊണ്ടുപോയി. (ചാണ്ടി കേശവന് നായരെ നോക്കി… വല്ലാത്ത വേദനയോടെ ഹൃദയംകൊണ്ടു വിളിച്ചു…)ചാണ്ടി: എടോ… കേശവന് നായരേ (അവര്‍ രണ്ടും പരസ്പരം നോക്കി വല്ലാതെ പൊട്ടിക്കരഞ്ഞു)
]പ്രളയം എല്ലാം കൊണ്ടുപോയിട്ട് എന്നെയും നിന്നെയും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വലിച്ചെറിഞ്ഞു കൂട്ടുകാരാ…”
അന്ത്യരംഗത്തിലെ ഭാവതീവ്രമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നാടകത്തിലുടനീളം ചിതറിക്കിടക്കുന്നു. ആഖ്യാന ഘടന ഒരിടത്തും പാളിപ്പോയിട്ടില്ല. നാടകത്തിന്റെ വായനയ്ക്കുശേഷവും കഥാപാത്രങ്ങള്‍ അനുവാചകന്റെ മനസ്സില്‍ തിക്കിത്തിരക്കും.
രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് മലയാള നാടകത്തെ നശിപ്പിച്ചത്. കൊടിയുടെ നിറംനോക്കി മനുഷ്യന്റെ നന്മകള് കാണാതിരിക്കുകയും, മുദ്രാവാക്യങ്ങളുടെ മുഴക്കത്തില്‍ നാടകവേദികള്‍ മുങ്ങിപ്പോവുകയും ചെയ്തു. ഇതില്‍നിന്ന് ഒരു വിച്ഛേദമാണ് കാരൂര്‍ സോമന്റെ കാലപ്രളയം സാധിക്കുന്നത്.
സി.വി. വാസുദേവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: