കണ്ണൂര്‍: പയ്യാമ്പലത്ത് സംസ്കരിക്കാനെത്തിച്ച മൃതദേഹത്തോട് അനാദരവ്. മൃതദേഹം സംസ്കരിക്കായി നിര്‍മ്മിച്ച ചിത കോര്പ്പറേഷന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മണ്ണിട്ടു മൂടി. മൃതദേഹവുമായി കുടുംബാംഗങ്ങള്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂര്‍ നഗരത്തിലെ പൗരപ്രമുഖനും വ്യവസായിയുമായ സി.പി. ശിവരാജന്റെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്.
പ്രമുഖവ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച് കല്ലറകെട്ടി സംരക്ഷിക്കുന്ന ഭാഗത്ത് ശിവരാജന്റെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയും അതുപ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് ചിതയൊരുക്കാനായി കുഴിയെടുക്കുകയുമായിരുന്നു. ചിതയില്‍ വെക്കാനുള്ള വിറകും ചിരട്ടയും നല്കാന് കോര്പ്പറേഷന് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കുടുംബക്കാര് തന്നെ കാശുകൊടുത്ത് വാങ്ങി തയ്യാറാക്കിവെച്ചു. എന്നാല്‍ സ്ഥലത്തെത്തിയ ശ്മശാനം ജീവനക്കാരും പോലീസും മൃതദേഹം ഇവിടെ സംസ്ക്കരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. അവിടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടെന്നറിയിച്ച പോലീസ് നിര്‍ദ്ദേശിച്ച പ്രതാരം കോര്പ്പറേഷന് അധികൃതര്‍ ചിത മണ്ണിട്ടുമൂടുകയും ചിതയില്‍ നിറച്ച വിറകും ചിരട്ടയും ഉള്‍പ്പെടെയുളള സാധനങ്ങള്‍ പുറത്തേക്കെടുത്തു മാറ്റുകയായിരുന്നു. ഈ സമയമത്രയും മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ശ്മശാനത്തില്‍ നില്‍ക്കേണ്ടി വന്നു. ഒടുവില്‍ പൊതുശ്മശാനത്തില്‍ ചിതയൊരുക്കി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
കല്ലറകള്ക്കിടയിലുളള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് കോര്പ്പറേഷന് അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റേതുള്‍പ്പെടെ ഇന്നുവരെ ഒരാളുടെ മൃതദേഹവും അനുമതി വാങ്ങിയല്ല സംസ്ക്കരിച്ചതെന്നും ഇപ്പോള്‍ മാത്രം കോര്പ്പറേഷന് അധികൃതര്‍ എന്തിന് തടഞ്ഞുവെന്നുമാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും കണ്ണൂരിലെ പൗരപ്രമുഖരായ വ്യക്തികളുടേയും മൃതദേഹങ്ങള്‍ പ്രത്യേക കല്ലറകള്‍ തീര്‍ത്താണ് ഇവിടെ സംസ്ക്കരിച്ചിട്ടുളളത്. ഒരോരുത്തര്‍ക്കും ഓരോ നിയമമാണോ ഉളളതെന്ന ചോദ്യവും ഉയരുകയാണ്. കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മൃതദേഹം സംസ്കരിക്കുന്നത് തടയുകയും കുഴി മണ്ണിട്ട് മൂടുകയും ചെയ്തതിന് പിന്നില്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയറാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: