ന്യൂദല്‍ഹി: കൊറോണ യോദ്ധാക്കള്‍ നല്‍കുന്ന ഊര്‍ജ്ജത്തില്‍ രാജ്യം കോവിഡിനെ ശക്തമായി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച നിരവധി സംരംഭങ്ങള്‍, ജനങ്ങള്‍ നയിക്കുന്ന പോരാട്ടം എന്നിവ കാരണം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച സ്ഥാനത്താണ്. ഇന്ത്യയുടെ അതിജീവന നിരക്ക് ഉയരുകയാണ്. കോവിഡ് മരണനിരക്ക് രാജ്യത്ത് ദശലക്ഷത്തിന് 12 മാത്രമാണ്; ഇറ്റലിയില്‍ ഇത് ദശലക്ഷത്തിന് 574 ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാര്‍ഷികത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.
കോവിഡ്-19 എന്നത് ആളുകളുടെ ജീവിതത്തിന് ഭീഷണിയായ ഒരു ശാരീരിക രോഗമാണെന്ന് മാത്രമല്ല, അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് അത് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല പ്രശ്നങ്ങള്‍ ഏതാനും ആഴ്ചകളായി പരിഹരിച്ചു. കടല്‍ മുതല്‍ ബഹിരാകാശം, കൃഷിസ്ഥലങ്ങള്‍ മുതല്‍ ഫാക്ടറികള്‍ വരെയുള്ള മേഖലകളില്‍ ജനങ്ങള്‍ക്ക് അനുകൂലവും വളര്‍ച്ചാ സൗഹൃദവുമായ തീരുമാനങ്ങള്‍ എടുത്തു. ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വാശ്രിത ഇന്ത്യയിലേക്കുള്ള ആഹ്വാനം ഓരോ ഇന്ത്യക്കാരനും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രരകടിപ്പിച്ചു.
ഇരുപതിനായിരം കോടി രൂപയുടെ പ്രധാന്‍ മന്ത്രി മല്‍സ്യ സമ്പദ് യോജന പദ്ധതി മത്സ്യബന്ധന മേഖലയെ പരിവര്‍ത്തനം ചെയ്യാനും കയറ്റുമതി വരുമാനം വര്‍ദ്ധിപ്പിക്കാനും അമ്പത്തിയഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനും പോകുന്നു.ബഹിരാകാശ മേഖലയില്‍ നടത്തിയ ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ ബഹിരാകാശ ആസ്തികളുടെയും പ്രവര്‍ത്തനങ്ങളുടെയും കൂടുതല്‍ ഉപയോഗം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താല്പര്യം കാണിക്കുന്ന നിരവധി യുവാക്കള്‍ കേരളത്തിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും ഈ പരിഷ്‌കാരങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഒരു വളര്‍ച്ചാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സംവേദനക്ഷമതയും ദീര്‍ഘകാല ദര്‍ശനവുമാണ് സര്‍ക്കാരിനെ നയിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് പ്രാപ്യമായി എന്നും 8 കോടിയിലധികം കുടുംബങ്ങള്‍ക്ക് പുകയില്ലാത്ത അടുക്കളകള്‍ ലഭ്യമാണെന്നും 1.5 കോടിയിലധികം വീടുകള്‍ ഭവനരഹിതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .
ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു രാഷ്‌ട്രം-ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കൊണ്ടുവരുന്നത് അവര്‍ എവിടെയായിരുന്നാലും അവര്‍ക്ക് അവരുടെ റേഷന്‍ ലഭിക്കുന്നതിന് സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അനായാസ ജീവിതത്തിന് ഉതകുന്ന നിരവധി സംരംഭങ്ങള്‍ കൊണ്ടുവന്നു. കൃഷിക്കാര്‍ക്ക് എംഎസ്പി ( താങ്ങുവില ) വര്‍ദ്ധിപ്പിക്കുകയും ശരിയായ വില ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വിവിധ സ്‌കീമുകളിലൂടെ അവരുടെ ആരോഗ്യം ശരിയായ ശ്രദ്ധ നേടുന്നുവെന്നും പ്രസവാവധി വിപുലീകരിക്കുന്നതിലൂടെ അവരുടെ തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നു
വിശ്വാസം, ലിംഗം, ജാതി, മതം, ഭാഷ എന്നീ വിവേചനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹമാണ് ഗവണ്‍മെന്റിനെ നയിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ നമ്മുടെ മാര്‍ഗനിര്‍ദേശ വെളിച്ചം. പ്രധാനമന്ത്രി പറഞ്ഞു.
















