കണ്ണൂര്‍: ഇന്റര്‍വ്യൂ കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ മലയാളം അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. 2017 ആഗസ്റ്റില്‍ വിജ്ഞാപനം വന്ന് 2018 ജനുവരി 29ന് പരീക്ഷ നടത്തിയ പിഎസ്സി ഇതുവരെ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.
2019 ഒക്ടോബറില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി ഏഴ് മാസം കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ തസ്തികയില്‍ മറ്റ് വിഷയങ്ങളിലെല്ലാം നിയമന നടപടികള്‍ തുടങ്ങിയിട്ടും മലയാളത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 17 വിഷയങ്ങളുടെ വിജ്ഞാപനം രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇതില്‍ 2017 ഓഗസ്ത് 30 നാണ് മലയാളത്തിന്റേത് വിജ്ഞാപനം വന്നത്. 2010 നാണ് ഇതേ തസ്തികയില്‍ മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി 2018 ജനുവരി 29ന് അതിവേഗം പരീക്ഷ നടന്നു.
ഏപ്രില്‍ മാസത്തില്‍ ഷോര്‍ട്ട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ മാസത്തോടെ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീളുകയാണ്. മറ്റ് വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകള്‍ ഇതിനകം പ്രസിദ്ധീകരിക്കുകയും പല ലിസ്റ്റില്‍ നിന്നും അഡൈ്വസ് മെമ്മോ അയക്കുകയും ചില വിഷയങ്ങളുടെ നിയമനങ്ങള്‍ നടക്കുകയും ചെയ്തു.
മലയാളം പരീക്ഷയ്ക്കു ശേഷം കഴിഞ്ഞവയാണ് ഇവയില്‍ പലതും. 2017 മുതല്‍ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ ഹയര്‍സെക്കന്ററി ക്ലാസുകളില്‍ മലയാളം അധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പലയിടത്തും വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
വലിയ ഇടവേളയ്ക്ക് ശേഷം നടന്ന പരീക്ഷ പാസായ പലരും നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടവരാണ്. ഉദേ്യാഗാര്‍ഥികള്‍ ആശങ്കയിലാണ്. ഇവര്‍ക്കിനി മറ്റൊരു പരീക്ഷ എഴുതാനാവില്ല. മാതൃഭാഷയായ മലയാളത്തോടുള്ള ഈ അവഗണന ഏത് തരത്തിലും ന്യായീകരിക്കത്തക്കതല്ല. ഉടനടി ലിസ്റ്റ് വരാനുള്ള നടപടികള്‍ പിഎസ്സി സ്വീകരിക്കണമെന്നുമാണ് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: