മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും ഒരേ നാട്ടുകാരാണ്. മുഖ്യമന്ത്രിയുടെ നാട് പേരില്‍ നിന്നുതന്നെ പ്രകടമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട പ്രദേശം. പിണറായി അതിനുമുന്‍പ് തന്നെ പ്രശസ്തമാണ്. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ഇന്നത്തെ പിണറായിയിലും കൊടിയ അതിക്രമങ്ങള്‍ കാട്ടിയിട്ടുണ്ട്. ഒട്ടനവധി പേരെ കൊന്നൊടുക്കി. പിണം (ശവം) ആറ് പോലെ ഒഴുകിയ സ്ഥലം പിണറായിയായി എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒട്ടേറെ അധ്യാപകരുണ്ടായിരുന്നു. അവര്‍ ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി. ഭൂസമരങ്ങളിലും ഇന്നാട്ടുകാര് സജീവമായിരുന്നു. അതിന്റെ തുടര്‍ച്ചായായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭം.
തലശേരിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ മാത്രമേ പിണറായിയിലേക്കുള്ളൂ. എങ്കിലും അധികം വികസനം നേടിയ ഗ്രാമമൊന്നുമല്ല പിണറായി. ഒന്നരനൂറ്റാണ്ടുമുന്‍പ് പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ട ഇവിടെ ഒരു ഹൈസ്കൂള്‍ വന്നത് 1977 ല്‍ മാത്രമാണ്. പിണറായിയെ തട്ടകമാക്കിയവര് സംസ്ഥാനത്തും അധികാരസ്ഥാനങ്ങളിലും സ്വാധീനം നേടിയവര്‍ക്ക് വികസനത്തിനായി ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എ.കെ.ഗോപാലന്റെ സ്മാരകമായാണ് ഹൈസ്കൂള്‍.
പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നത് തലശേരിയോടു തൊട്ടുരുമ്മി നില്ക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വിജയിച്ചുകൊണ്ടാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന് പേരിനൊപ്പം ചേര്‍ത്ത നാടിനെയും വ്യക്തമാക്കുന്നു. തലശേരിയില്‍ തന്നെയാണ് കോടിയേരി. നാലുകിലോമീറ്റര്‍ മാത്രം ദൂരം. വിജയനും ബാലകൃഷ്ണനും സിപിഎമ്മിന്റെ സമുന്നത നേതാക്കളാണ് പിബി മെമ്പര്‍മാര്‍.
വി.മുരളീധരന് എന്ന ബിജെപി നേതാവ് തലശ്ശേരിക്കാരനാണ്. ചെറുപ്പം മുതല്‍ എബിവിപി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുരളീധരന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. പിന്നീട് നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടര്‍ സ്ഥാനത്തിരുന്നശേഷമാണ് സജീവരാഷ്ട്രീയത്തിലേര്പ്പെടുന്നത്.
എബിവിപി നേതാവായിരുന്നപ്പോള്‍ മുരളീധരനെ വേട്ടയാടാന്‍ പലതവണ സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ട്. തലശേരിയില്‍ സിപിഎം അക്രമികള്‍ ആര്‍എസ്എസിനെതിരെ അഴിഞ്ഞാടുമ്പോള്‍ ഒരുലക്ഷ്യകേന്ദ്രം വി.മുരളീധരന്റെ വീടാണ്. തലശ്ശേരി നഗരത്തില്‍ അഞ്ചുകിലോമീറ്റര്‍ മാത്രം അകലെയുള്ള വാടിയില്‍ പീടികയിലെ വീട്ടില്‍ ഒരുതവണ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അത് പിന്നെ പലകുറി ആവര്‍ത്തിച്ചു. അധ്യാപികയായ അമ്മ ദേവകിയും ട്രഷറി ഉദ്യോഗസ്ഥനായ അച്ഛന് ഗോപാലനും സഹോദരന് ദിനേശനും പലപ്പോഴും അക്രമികളില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമം ആവര്‍ത്തിച്ചപ്പോള്‍ മുരളീധരന് നാട്ടിലും വീട്ടിലും വരാന്‍ പറ്റാതായി. ഇതിനിടയില്‍ ലഭിച്ച ജോലി രാജിവച്ചു. വി.മുരളീധരനെതിരെ സിപിഎം അക്രമം കടുപ്പിച്ചതോടെ അതിന്റെ വില നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഇ.കെ.നായനാരാണ്. ഡല്‍ഹിയിലെ കേരളഹൗസില്‍ മുഖ്യമന്ത്രി നായനാരെ അവിടത്തെ എബിവിപി പ്രവര്‍ത്തകര്‍ ‘ഘെരാവോ’ ചെയ്തു. വളരെ ധൈര്യശാലിയായ നായനാര്‍ പക്ഷേ ഡല്‍ഹി സംഭവത്തില്‍ നടുങ്ങി. അതിനുശേഷമാണ് അതിവേഗം തലശ്ശേരി ശാന്തതയുണ്ടാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
ഇതൊക്കെ നാലുപതിറ്റാണ്ട് പിന്നിട്ട ചരിത്രം. ഇപ്പോള്‍ നടക്കുന്നത് ‘മലബാര്‍ കലാപ’മാണ്. മലബാറുകാരായ നേതാക്കള്‍ കൊമ്പുകോര്‍ക്കുകയാണ്. മുരളീധരന് ഒരു മക്വാന എന്ന് കോടിയേരി ബാലകൃഷ്ണന് ആക്ഷേപിച്ചത് ഒരാഴ്ച മുമ്പാണ്. നായനാര്‍ ആദ്യം മുഖ്യമന്ത്രിയായകാലം. കേന്ദ്രത്തില്‍ ആഭ്യന്തര സഹമന്ത്രി യോഗേന്ദ്ര മക്വാന. ഗുജറാത്തുകാരന്. 15 വര്‍ഷം രാജ്യസഭാംഗമായിരുന്നു. അദ്ദേഹം മന്ത്രിയായിരിക്കെ അടിക്കടി കേരളത്തിലെത്തുന്ന അദ്ദേഹം നായനാര്‍ സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നെതിര്‍ക്കും. അത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സിപിഎം നേതാക്കളെയും വല്ലാതെ ചൊടിപ്പിച്ചതാണ്. അന്ന് മക്വാനക്കെതിരെ ശക്തമായി പ്രതികരിച്ചത് എം.വി.രാഘവനായിരുന്നു. ‘മക്വാന എന്താക്വാനാ’ എന്നായിരുന്നു രാഘവന് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നത്. ആ പണി ഇപ്പോള്‍ കോടിയേരി ഏറ്റെടുത്തിരിക്കുകയാണ്.
പി.ബി. നേതാക്കളോടൊപ്പം സി.സി. അംഗങ്ങളായ എളമരം കരീമും മന്ത്രി എ.കെ.ബാലനും ചേര്‍ന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെ കൂച്ചുവിലങ്ങിടാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. കൊറോണയെ നേരിടുന്നതിലെ തര്‍ക്കവിതര്‍ക്കങ്ങള്‍ വ്യക്തിപരമായ അധിക്ഷേപത്തിലുമെത്തിയിരിക്കുന്നു. വി.മുരളീധരന് അജ്ഞതയെന്ന് മുഖ്യമന്ത്രി. ഒരു സഹമന്ത്രിക്ക് ഒരു വിലയുമില്ലെന്ന് സംസ്ഥാനത്തെ മുന്‍ മന്ത്രി എളമരം കരീം. വി.മുരളീധരന് സംസ്ഥാന ഭരണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി എ.കെ.ബാലന്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്.
പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള പ്രയത്നത്തിനോട് നിസഹകരണ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പലവഴികളിലൊന്നായാണ് വി.മുരളീധരനെതിരെയുള്ള യുദ്ധ വെറി എന്നതില്‍ സംശയമില്ല. കേന്ദ്രമന്ത്രിക്ക് അജ്ഞതയെന്ന ആക്ഷേപത്തിന് ഇന്നലെ അദ്ദേഹം ഡല്‍ഹിയില്‍ നല്കിയ മറുപടിയില്‍ ‘അല്പത്തരം’ കേരള സര്‍ക്കാര്‍ കാട്ടുരുതെന്നാണ്. കേരളം നിലപാട് മാറ്റിയതിനെ ന്നായി എന്ന് പറഞ്ഞത് ‘അഭിനന്ദന’മെന്ന് വ്യാഖ്യാനിച്ചതിനെയാണ് അല്പത്തരം എന്ന് മുരളീധരന് വിശേഷിപ്പിച്ചത്. ഇല്ലാത്ത നേട്ടങ്ങളെക്കുറിച്ച് വല്ലാതെ ആഹ്ലാദിക്കുകയാണ് കൊറോണ കാര്യത്തില്‍ കേരളമെന്ന് സര്‍വരും തിരിച്ചറിഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും റെഡി എന്ന് വീമ്പടിച്ചത് വെറും ‘തള്ള്’ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
ലോകാരോഗ്യസംഘടന മന്ത്രി ഷൈലജയെ ആദരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരവും പുറത്തായി. ഇതേ ആദരവ് ന്യൂയോര്‍ക്ക് മേയര്ക്കുമുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 38000 പേര് കൊറോണമൂലം മരിച്ചു. രോഗികള്‍ കുറയുന്നത് മന്ത്രിയുടെ മഹിമ കൊണ്ടാണോ? മരണം കൂടിയത് മേയറുടെ മിടുക്കുകൊണ്ടാണോ? ഈ സംശയമാണ് ഇനി സജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: