ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ കോണ്‍ഗ്രസ്സും നെഹ്‌റു കുടുംബവും ഇന്ത്യയുടെ നിലപാടിനെ അകാരണമായി വിമര്‍ശിക്കുകയും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇപ്പോള്‍ ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ചൈന സര്‍ക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സോണിയയും രാഹുലും ഉണ്ടാക്കിയ കരാറുകളുടെ വിവരങ്ങള്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇത്തരം നിലപാടുകളുടെ പൊരുള്‍ അന്വേഷിച്ച് മറ്റെങ്ങോട്ടും പോകേണ്ടതില്ല.
യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നതായി ഈയിടെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെളിപ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മക്കളായ രാഹുലും പ്രിയങ്കയും ചൈനയില്‍ നിന്ന് കോടികള്‍ കൈപ്പറ്റി എന്ന വിവരം കഴിഞ്ഞദിവസം ഒരു വാര്‍ത്താ ചാനലും പുറത്തുവിട്ടു. ബിജെപി അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറിലാണ് കോണ്‍ഗ്രസും ചൈനയും ഏര്‍പ്പെട്ടത്. ചൈനയും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ സാധ്യതകളുടെ പഠനം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഏറ്റെടുക്കുകയും കോടിക്കണക്കിന് രൂപ ചൈനയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 90 ലക്ഷം രൂപ വാങ്ങിയതും വിവാദമായിരിക്കുകയാണ്.
ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സോണിയ അദ്ധ്യക്ഷയായുള്ള ഈ സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മന്‍മോഹന്‍ സിങ്, പി. ചിദംബരം, മൊണ്ടേഗ്‌സിങ് അലുവാലിയ, സുമന്‍ ദുബെ തുടങ്ങിയവരാണ് അംഗങ്ങള്‍. അതായത് നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സിലെ അവരുടെ വിശ്വസ്തരും അടങ്ങുന്ന സമിതി. 2008ല്‍ അന്നത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍പിങും ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മറപിടിച്ച് കോണ്‍ഗ്രസ് നടത്തിവന്ന ചൈനീസ് ഇടപാടുകള്‍.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കീഴിലാണ് നയരൂപീകരണ ഗവേഷണങ്ങള്‍ ലക്ഷ്യം വച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കണ്ടംപററി സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സന്നദ്ധസംഘടനകള്‍ (എന്‍ജിഒ) വിദേശ ധനസഹായം കൈപ്പറ്റുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 14,500 ലേറെ എന്‍ജിഒകളെയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വിലക്കിയത്.
ഇതേതുടര്‍ന്ന് ചില സ്ഥാപനങ്ങളെ മറയാക്കി പഠനഗവേഷണങ്ങളുടെയും മറ്റും പേരില്‍ വിദേശരാജ്യങ്ങളുമായി ധാരണാ കരാര്‍ ഉണ്ടാക്കുന്ന രീതി ഉടലെടുത്തു. ഇതു തന്നെയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും മേല്‍പറഞ്ഞ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറവില്‍ ചെയ്തുവരുന്നത്.
രാജീവ് ഗാന്ധി ഫൗണ്ടേഷനും കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് ഭരണകൂടവുമായുണ്ടാക്കിയ ധാരണ മന്‍മോഹന്‍സിംഗ് മന്ത്രിസഭയുടെ കാലം മുതലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാലമത്രയും ചൈനയുടെ അതിക്രമങ്ങളെ നിശബ്ദം അനുവദിച്ചുകൊടുത്തതിന് പ്രതിഫലമായി സോണിയയും രാഹുലും കൈപ്പറ്റിയ പണത്തിന്റെ മൊത്തം കണക്കുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. രാജ്യത്തിന്റെ അതിരുകളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഭാരതം ഭരിക്കുന്നത്. രാജ്യത്തിന്റെ മണ്ണില്‍ കൈവയ്‌ക്കുന്നവന്റെ കൈവെട്ടാന്‍ ഒരു മടിയും ഈ സര്‍ക്കാരിനില്ല. കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചൈനയ്‌ക്കു വേണ്ടി കുഴലൂത്തു നടത്തുന്നത് രാജ്യത്തെ ഒറ്റുകൊടുത്ത് വാങ്ങിക്കൂട്ടിയ പണത്തോടുള്ള കൂറുകാണിക്കലാണ്. ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്ന ചൈന-കോണ്‍ഗ്രസ് ഇടപാടുകളെ കുറിച്ച് കോണ്‍ഗ്രസ്സിന് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളതെന്താണെന്ന് വ്യക്തമാക്കണം. ചൈനയെ സന്തോഷിപ്പിക്കാന്‍ അവര്‍ അധിക്ഷേപിച്ച ഇന്ത്യന്‍ സൈന്യത്തോട് മാപ്പ് പറയാനും കോണ്‍ഗ്രസ് തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: