പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളില്‍ ഒരാള്‍ക്ക് കൊറോണയെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെയും പരിശോധനാ ഫലം വരാത്തതിനാല്‍ പോലീസുകാര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറി. വനിതാ പോലീസുകാര്‍ താന്നിപ്പുഴയിലെ സ്വകാര്യ ക്വാറന്റൈന് കേന്ദ്രത്തിലേക്കും മറ്റ് പോലീസുകാര്‍ പെരുമ്പാവൂരിലെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്കുമാണ് സ്വയം ക്വാറന്റൈനിലേക്ക് മാറിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറു പോലീസുകാര്‍ 48 മണിക്കൂറിലധികമായി സ്റ്റേഷനില്‍ തന്നെ കഴിയുകയായിരുന്നു. ഇവരാണ് ഇന്നലെ രാവിലെ ക്വാറന്റൈനില്‍ പോയത്.
വ്യാഴാഴ്ച പ്രതികളുടെ സ്രവമെടുത്ത് പരിശോധനക്കയച്ചുവെങ്കിലും ഇത് പരിശോധിച്ചിട്ടില്ലെന്നാണ് വിവരം. പരിശോധനക്കാവശ്യമായ അളവില്‍ സ്രവം ഇല്ലാതിരുന്നതിനാല്‍ നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ വീണ്ടും സ്രവമെടുത്ത് പരിശോധനക്കയച്ചു. പരിശോധനാഫലം വന്നാല്‍ മാത്രമേ അടുത്ത നടപടികളിലേക്ക് അധികൃതര്‍ കടക്കുകയുള്ളൂ.
വെള്ളിയാഴ്ചയും പോലീസ് സ്റ്റേഷനും പരിസരവും അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി അണുനശീകരണം നടത്തി. സ്റ്റേഷനകത്തും പ്രതികളെ പാര്‍പ്പിക്കുന്ന സെല്ലിലും ഓഫീസ് മുറികളും അണുനശീകരണം നടത്തി. എന്നാല്‍, സ്റ്റേഷന് പ്രവര്‍ത്തനം റൂറല്‍ ജില്ലയിലെ മറ്റെല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലെതന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് പെരുമ്പാവൂര്‍ സിഐ സി. ജയകുമാര്‍ അറിയിച്ചു. ബുധനാഴ്ച സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതികളെ പാലക്കാട്ട് താഴത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ ഒരാള്‍ക്കാണ് രോഗബാധ എന്ന സംശയമുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസമായി പാലക്കാട്ടുതാഴത്തെ വാടകമുറിയിലാണ് പ്രതികള്‍ താമസിച്ചത്. ഈ പ്രദേശത്ത് ചില സ്ഥാപനങ്ങള്‍ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടപ്പിക്കുകയും ചെയ്തു. പ്രതികള്‍ പോലീസില്‍ നല്കിയ മൊഴി വ്യാജമാണോ എന്ന സംശയവും പെരുമ്പാവൂര്‍ പോലീസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: