കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ അത്തം നാളിലെ ചടങ്ങ് നാളെ നടക്കും.അത്തം നാളില്‍ വാളാട്ടം,കുടിപതികളുടെ തേങ്ങയേറ്,പായസ നിവേദ്യം,കൂത്ത് സമര്‍പ്പണം എന്നിവ നടക്കും.അത്തം നാളില്‍ പന്തീരടിക്ക് നടക്കുന്ന ശീവേലി മഹോത്സവത്തിലെ അവസാനത്തെ ശീവേലിയായിരിക്കും.
ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാര് വാളാട്ടം നടത്തും.തിടമ്പുകള് വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെയ്ക്കും.തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം.തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും.
നാലാമത് വലിയവട്ടളം പായസം അത്തം നാളില്‍ ഭഗവാന് നിവേദിക്കും.ഈ ദിവസം ആയിരംകുടം അഭിഷേകവും ഉണ്ടാകും.രാത്രിയില്‍ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല.അന്നേ ദിവസം കൂത്ത് സമര്‍പ്പണവും നടക്കും.29ന് തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: