കാസര്‍കോട്: കാസര്‍കോട്ട് ആരോഗ്യ വകുപ്പില്‍ നടന്നത് വിചിത്രമായ സ്ഥലം മാറ്റം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സ്വന്തം ജില്ലക്കാരനായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ളപ്പോഴാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഗേഡ് 2) ചെറുവത്തൂരിലെ കെ.ബാബുവിനെ ഗ്രേഡ് (ഒന്ന്) ആയി പ്രമോഷന് നല്കി സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഒഴിവുള്ള ജനറല്‍ ആശുപത്രില്‍ നിയമിച്ചതാകട്ടെ ആറ് മാസം മുമ്പ് മരിച്ചയാളെയാണെന്നതാണ് ആക്ഷേപത്തിനിടയാക്കിയത്.
ആരോഗ്യ പ്രവര്‍ത്തനത്തിന് കാസര്‍കോട്ട് ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാതിരിക്കുമ്പോഴാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ അലംഭാവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ഹൃദയാഘാതം മൂലം മരിച്ച അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന വിനോദ്കുമാറിനെയാണ് പ്രമോഷനോടെ ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്1) ഒഴിവിലേക്ക് നിയമിച്ചത്. നിയമന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് തെളിവാണ് മരിച്ചയാളെ പോലും പ്രമോഷന് നല്കി നിയമിച്ച ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിനെ പോലും പ്രമോഷന് നിയമന കാര്യത്തില്ല് തെറ്റിദ്ധരിപ്പിച്ചതായാണ് സംശയിക്കപ്പെടുന്നത്. ആരോഗ്യ വകുപ്പിലെ നിയമനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഭരണാനുകൂല സംഘടനാ നേതാക്കളാണ്. ഇവിടെയും മരിച്ചയാളെ പോലും ഒഴിവുള്ള പോസ്റ്റില്‍ നിയമിച്ചത് കൃത്യമായ രാഷ്ട്രീയ ഇടപെടലോടെയാണെന്ന് ഉദ്യോഗസ്ഥ തലത്തിലും അഭിപ്രായമുണ്ട്. സംസ്ഥാനത്തൊട്ടാകെ 99 ജെ.എച്ച്.ഐ (ഗ്രേഡ്2) മാരെയാണ് ജെ.എച്ച്.ഐ (ഗ്രേഡ്1) മാരായി പ്രമോഷന് നല്കി നിയമിച്ചത്.
കാസര്‍കോട് ജില്ലയില്‍ 10 പേര്‍ക്കായിരുന്നു പ്രമോഷന്. ഗ്രേഡ് ഒന്ന് സംസ്ഥാന തല നിയമനമാണ്. ഇത് മറയാക്കിയാണ് കാസര്‍കോട് ജില്ലയ്ക്ക് തന്നെ സേവനം കിട്ടേണ്ട ആരോഗ്യ പ്രവര്‍ത്തകനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ പ്രമോഷന് ലഭിച്ച 10 പേരില്‍ ബാബു അടക്കം നാല് പേരാണ് ഉള്ളത്. ഇതില്‍ ബാബു ഒഴികെ കാസര്‍കോട്ടുകാരായ മറ്റു മൂന്ന് പേര്‍ക്കും കാസര്‍കോട്ടാണ് പ്രമോഷന് നിയമനം നല്‍കിയത്. മറ്റുള്ളവരെല്ലാം തെക്കന്‍ ജില്ലക്കാരാണ്. അവരില്‍ പലര്‍ക്കും സ്വന്തം ജില്ലയിലോ, തൊട്ടടുത്ത ജില്ലയിലോ നിയമനം നല്‍കിയപ്പോഴാണ് ആരോഗ്യരംഗത്ത് പിന്നോക്കം നില്ക്കുന്ന കാസര്‍കോട് ജില്ലക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗം കൊടുമ്പിരിക്കൊണ്ട കഴിഞ്ഞ ജനുവരി മുതല്‍ മാതൃകാപമായ പ്രവത്തനം നടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു ബാബു. നിരവധി സംഘടനകള്‍ അദ്ദേഹത്തിന് ആദരം നല്‍കിയിരുന്നു. ഇത് പോലും കണക്കിലെടുക്കാതെ വെറും രാഷ്ട്രീയ പകപോക്കല്‍ പോലെയാണ് ഇപ്പോള്‍ സംഭവിച്ച സ്ഥലം മാറ്റം. ഇതിനായി ആറ് മാസം മുമ്പ് മരിച്ച ഉദ്യോഗസ്ഥനെ പോലും സ്ഥലം മാറ്റത്തിലേക്ക് വലിച്ചിഴച്ചത് ക്രൂരമായ നടപടിയാണെന്നാണ് ജനറല്‍ ആശുപത്രിയിലെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: