ഇടുക്കി: ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 15ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്, 33 വയസ്) ആണ് ആദ്യ രണ്ട് രോഗികള്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസുകാരനെ 24ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയായ 64കാരന്. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജില്ലയിലാകെ ഇതോടെ കൊറോണ് സ്ഥിരീകരിച്ചവര്‍ 96 ആയി. ഇതില്‍ 41 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 55 പേര് ചികിത്സയിലുണ്ട്. ഒരാള്‍ കോട്ടയത്തും മറ്റൊരാള്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്.
നിരീക്ഷണം ശക്തമാക്കി
ഇടുക്കി: ജില്ലയില്‍ കൊറോണ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രാകാരം സ്പെഷ്യല്‍ ഡ്രൈവ് നടത്തി. 569 പേര് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു.
സാമൂഹിക അകലം പാലിക്കാത്തതിനെതിരെ ആകെ 81 പേരടങ്ങുന്ന വിവിധ സംഘങ്ങള്‍ക്കെതിരെ ഏഴ് കേസുകളും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത രണ്ട് പേര്‍ക്കെതിരെ രണ്ട് കേസുകളും, 310 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈന് നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെയും പാസുകള്‍ ഇല്ലാതെ സംസ്ഥാന അതിര്‍ത്തി കടന്നുവരുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമി അറിയിച്ചു.
തേനി ജില്ല അടച്ചു
കുമളി: സാമൂഹ്യ വ്യാപന ഭീതിയെ തുടര്‍ന്ന് ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ് നാട്ടിലെ തേനി ജില്ല പൂര്‍ണ്ണമായും ചുവപ്പ് പട്ടികയില്‍ പ്പെടുത്തി ഇടപ്പാടി സര്‍ക്കാര്‍ അടച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷകളില്‍ പോലും അപകടകരമാം വിധം കൊറോണ വ്യാപനം സംഭവിച്ചതോടെയാണ് അധികൃതര്‍ തീരുമാനമെടുത്തത്.
തേനി ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം വരെ 367 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനം പ്രതി അനിയന്ത്രിതമായി രോഗ ബാധിതര്‍ പെരുകുകയാണ്. എന്നിരുന്നാലും തമിഴ്നാട് വഴി എത്തിച്ചേരുന്ന ആളുകളെ ഇപ്പോഴും കേരളം അതിര്‍ത്തി കടത്തുന്നുണ്ട്. തേനി ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് താല്കാലിക അനുമതിയുമായി ഇടുക്കിയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: