മണ്ണാര്‍ക്കാട്: ഉറങ്ങിക്കിടന്ന ഏഴുവയസുകാരനായ മകനെ മാനസികാസ്വാസ്ഥ്യമുള്ള അമ്മ കുത്തിക്കൊന്നു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭീമനാട് വടശ്ശേരിപ്പുറം നാലകത്ത് വീട്ടില്‍ ഹസ്നത്താണ് മകന് മുഹമ്മദ് ഇന്‍ഫാ(7)നെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ഇളയകുട്ടിയുടെ കരച്ചില് കേട്ടാണ് അയല്‍ക്കാര്‍ സംഭവസ്ഥലത്തെത്തിയത്. കുട്ടിയെ എടുത്ത് വീടിനകത്ത് പരിശോധിച്ചപ്പോഴാണ് ഹാളില്‍ രക്തംവാര്‍ന്നൊഴുകി മരിച്ചുകിടക്കുന്ന ഇര്‍ഫാനെ കണ്ടത്. തുടര്‍ന്ന് നാട്ടുകല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള ഹസ്നത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഹസ്നത്തിന്റെ ഭര്‍ത്താവ് സക്കീര്‍ ഹുസൈന് ആലുവയിലെ പള്ളിയിലെ മുസ്ലിയാരാണ്. ഹസ്നത്ത് മണ്ണാര്‍ക്കാട്ടെ ചില സ്കൂളുകളില്‍ അധ്യാപികയായി ജോലി നോക്കിയിരുന്നു.
നാട്ടുകല്‍ സിഐ അനീഷ് ലാല്‍, എസ്ഐ അനില്‍ മാത്യൂ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. ഷൊര്‍ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡ്, പാലക്കാട് നിന്ന് എത്തിയ കെ.വി. അജേഷിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും, ഫോറന്‍സിക് ഓഫീസര്‍ സൗഫിന എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നാട്ടുകല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: