മലയാള സിനിമാരംഗം വന്‍തോതില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെടുകയാണ്. ചരിത്രത്തില്‍നിന്ന് കഥകളും കഥാപാത്രങ്ങളെയും സിനിമകള്‍ക്കായി കടംകൊള്ളുക പതിവാണ്, സ്വാഭാവികവുമാണ്. എന്നാല്‍ വാരിയംകുന്നന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് അതല്ലെന്ന് ഉറപ്പിക്കാം. ജനങ്ങളെ മതപരമായി ധ്രുവീകരിച്ച് ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനും, മറ്റൊരു വിഭാഗത്തെ ദുര്‍ബ്ബലരാക്കാനുമുള്ള ശ്രമമാണിത്. വ്യാഖ്യാനങ്ങള്‍ എത്രയൊക്കെ നടത്തിയാലും ചരിത്രത്തില്‍ 1921 ലെ മാപ്പിളലഹള എന്നത് ഹിന്ദുവിരുദ്ധമായിരുന്നു. ആയിരങ്ങള്‍ കൊലചെയ്യപ്പെട്ട വംശഹത്യ. അത് സമൂഹമനസ്സിനെ ഇന്നും വേട്ടയാടുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് സിനിമ നിര്‍മിക്കുന്നത് ഒരുതരം മതപരമായ കടന്നാക്രമണം തന്നെയാണ്. മലയാള സിനിമയില്‍ ഈ പ്രവണത അനുദിനം ശക്തിപ്പെട്ടുവരുന്നത് ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു.
മാപ്പിള ലഹള ഇതിവൃത്തമാക്കുന്ന ആദ്യ സിനിമയല്ല വാരിയംകുന്നന്‍. 1921 എന്ന പേരില്‍തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമ വന്നിരുന്നു. ഈ ചിത്രവും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. പറയുന്ന കഥയ്‌ക്ക് ആവശ്യമില്ലെങ്കിലും മതേതരത്വത്തിന്റെയും ദേശിയോദ്ഗ്രഥനത്തിന്റെയുമൊക്കെ പേരില്‍ ഇസ്ലാമികമായ രംഗങ്ങള്‍ കുത്തിത്തിരുകുന്ന രീതി മലയാള സിനിമയില്‍ പതിവാണ്. കാവിയുടുത്തും പൊട്ടുതൊട്ടും കയ്യില്‍ ചരടുകെട്ടിയും പ്രത്യക്ഷപ്പെടുന്ന ഹിന്ദുനാമധാരികളായ കഥാപാത്രങ്ങള്‍ പലപ്പോഴും വില്ലന്മാരുമായിരിക്കും. ഇത്തരം സിനിമകളെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന ആവേശത്തിനുപിന്നില്‍ മൂലധന താല്‍പ്പര്യത്തെക്കാള്‍ കവിഞ്ഞ ചിലതുണ്ട്. ഇതിനെതിരെ ആര്‍ക്കും ഒന്നും പറഞ്ഞുകൂടാ. അതിനു മുതിരുന്നവര്‍ അതിവേഗം അനഭിമതരാകും. വാരിയംകുന്നന്റെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിക്കുകയെന്ന് കരുതേണ്ടിയിരിക്കുന്നു.
ഹിന്ദി സിനിമാ ലോകം ദാവൂദ് ഇബ്രാഹിം എന്ന അധോലോക നായകന്റെ പിടിയിലമര്‍ന്നുപോയ ഒരു കാലമുണ്ടായിരുന്നു. ദാവൂദിന്റെ കള്ളപ്പണത്തെ ആശ്രയിച്ചുമാത്രം സിനിമകള്‍ ഇറങ്ങിക്കൊണ്ടിരുന്നപ്പോള്‍ വെള്ളിത്തിരയിലെ വീരനായകന്മാര്‍ പലരും അയാളുടെ വിനീതവിധേയന്മാരും, അപ്സരസ്സുകളെപ്പോലെ വിഹരിച്ചിരുന്ന നായികമാര്‍ ജീവിതത്തില്‍ വെപ്പാട്ടിമാരുമായി. ബോംബെ ബോംബു സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദാവൂദ് രാജ്യം വിട്ടതോടെയാണ് ഇതിന് മാറ്റം വന്നത്. അപ്പോഴും ബിനാമികളിലൂടെ ദാവൂദിന്റെ ഡി-കമ്പനി ബോളിവുഡ് നിയന്ത്രിച്ചു. ഇസ്ലാം ദേശസ്നേഹത്തിന്റെ പര്യായമായും, മുസ്ലിം കഥാപാത്രങ്ങള്‍ ത്യാഗത്തിന്റെ പ്രതീകങ്ങളായും മാറുന്ന നിരവധി സിനിമകള്‍ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടു. ഡി-കമ്പനിയുടെ സ്വാധീനം ഇപ്പോഴും ബോളിവുഡില്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സിനിമാ കഥകളെ വെല്ലുന്നവിധം ഫീല്‍ഡില്‍ നിന്ന് ഔട്ടാവും. ഇപ്രകാരം കരിയര്‍ കത്തിക്കരിഞ്ഞുപോയ പ്രതിഭകള്‍ നിരവധിയാണ്.
കേരളത്തില്‍ പെരുന്നാള്‍ കാലത്ത് ചിത്രങ്ങളൊന്നും റിലീസ് ചെയ്യാതിരിക്കുന്നതില്‍ മതം ഇടപെടുന്നുണ്ട്. മലയാള സിനിമയുടെ നിര്‍മാതാക്കളായി അറിയപ്പെടുന്ന പലര്‍ക്കും പിന്നില്‍ ഫിനാന്‍സിയേഴ്സ് എന്നൊരു വിഭാഗമുണ്ട്. ഇവരെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള സംശയങ്ങളൊക്കെ മാറിക്കിട്ടും. ലൈറ്റ്ബോയ് മുതല്‍ നിര്‍മാതാവുവരെയുള്ള അണിയറ പ്രവര്‍ത്തകരെ പരിശോധിച്ചാല്‍ ഒരു പ്രത്യേക മതത്തിലുള്ളവര്‍ തിക്കിത്തിരക്കുന്നതു കാണാം. മതംമാറി കമലാ സുരയ്യയായ മാധവിക്കുട്ടിയുടെ ജീവിതം ചലച്ചിത്രമാക്കിയ സംവിധായകന്റെ ഷൂട്ടിങ് കഴിയുമ്പോള്‍ പള്ളിയിലെ വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതു പോലെയാണ് തോന്നുകയെന്ന് ഈയിടെ സിനിമാ രംഗത്തു തന്നെയുള്ള ഒരാള്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതേ സംവിധായകനെതിരെ അത്യന്തം ഗുരുതരമായ ലൈംഗിക പീഡനം ആരോപിക്കപ്പെട്ടപ്പോള്‍ നിയമ നടപടി വേണമെന്ന് ആവശ്യപ്പെടാന്‍ സിനിമാ രംഗത്ത് ആളുണ്ടായില്ല. ആരോപണ വിധേയന്‍ ഹിന്ദു നാമധാരിയായിരുന്നെങ്കില്‍ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുമായിരുന്നു. മലയാള സിനിമ മതം മാറിയിരിക്കുകയാണോ എന്ന സംശയം ഇക്കാരണങ്ങളാല്‍ അസ്ഥാനത്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: