ഇരിട്ടി : 1921 ൽ വംശഹത്യ നടത്തിയ മാപ്പിള ലഹളക്കാർക്ക് പെൻഷൻ കൊടുത്ത് സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ 1975 ലെ അടിയന്തിരാവസ്‌ഥയ്‌ക്കെതിരെ പൊരുതി ജയിലടക്കപ്പെട്ട ധീര ദേശാഭിമാനികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥയുടെ 45 മത് വാർഷികദിനത്തിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസമനുഭവിച്ച ബി ജെ പി മുൻ ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറി പി.പി. മുകുന്ദനെ വീട്ടിലെത്തി ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിലെ ജനതയെ വീണ്ടും ചങ്ങലക്കിട്ട ഭരണകൂട ഭീകരതയുടെ രാക്ഷസ മുഖമായിരുന്നു ഭാരത ജനത അന്ന് കണ്ടത്. പി.പി. മുകുന്ദനെപ്പോലുള്ള ആയിരക്കണക്കിന് ദേശാഭിമാനികളായ സ്വയം സേവകരുടെ ധീരോദാത്തമായ പ്രവർത്തനങ്ങളാണ് അടിയന്തരാവസ്ഥയിൽ നിന്നും നമ്മൾക്ക് മോചനം ലഭിക്കാൻ ഇടയാക്കിയതെന്നും രഞ്ജിത്ത് പറഞ്ഞു.
പി.പി. മുകുന്ദനെക്കൂടാതെ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥാ പീഡിതരായ മണ്ഡലത്തിലെ പതിനെട്ടോളം പേരെ അവരുടെ വീടുകളിലെത്തി ആദരിച്ചു. ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ എൻ.വി. ഗിരീഷ്, പി.വി. അജയകുമാർ, സി. ബാബു, പ്രിജേഷ് അളോറ , സണ്ണി വടക്കേക്കൂറ്റ് , ഉഷാ ഗോപാലകൃഷ്ണൻ, വിശാൽ ഹരീന്ദ്രനാഥ്, രാജേഷ്, ഷിബു മണത്തണ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: