തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. തിരിച്ചുവരുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പി.പി.ഇ കിറ്റ് മതിയെന്നാണ് പറയുന്നത്.
പി.പി.ഇ കിറ്റുള്ളവര്‍ക്ക് തിരിച്ചുവരാം എന്നു പറയുന്ന മുഖ്യമന്ത്രി കിറ്റ് ആര് കൊടുക്കുമെന്നും എങ്ങനെ കൊടുക്കുമെന്നും പറയാതെ ഉരുണ്ട് കളിക്കുകയാണ്. കിറ്റ് വിമാനകമ്പനി കൊടുക്കുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ തയ്യാറാവുന്നില്ല. ഓരോ ദിവസവും പുതിയ നൂലാമാലകളുണ്ടാക്കി പ്രശ്നം വഷളാക്കുകയാണ് പിണറായി വിജയന് ചെയ്യുന്നത്. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് പാരവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനം എത്ര ദ്രോഹിച്ചാലും പ്രവാസി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങള്‍ കാരണം 10 ദിവസമായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ തീ തിന്നുകയാണ്.
നോര്‍ക്കവഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ എന്തിനാണ് പറ്റിച്ചതെന്ന് സുരേന്ദ്രന് ചോദിച്ചു. കൊവിഡ് പൊസിറ്റീവായവരെ പ്രത്യേക വിമാനത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മണ്ടത്തരം മനസിലാക്കി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി തീരുമാനങ്ങള്‍ മാറ്റിയ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ടോയെന്നും സുരേന്ദ്രന് പരിഹസിച്ചു. ഇടയ്ക്കിടെ നിലപാട് മാറ്റി പറയുന്നതിലൂടെ പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് പറയുന്ന യു.ഡി.എഫ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ പകുതിയിലേറെ പേരും മലയാളികളാണെന്നത് വിസ്മരിക്കരുത്. ഒന്നര മാസം കൊണ്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 10 വര്‍ഷം യു.പി.എ രാജ്യം ഭരിച്ചപ്പോള്‍ പ്രവാസികളുടെ അവസ്ഥ എന്തായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ലക്ഷത്തോളം വരുന്ന മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: