ന്യൂദല്‍ഹി: ദല്‍ഹിയില്‍ സജ്ജമാകുന്ന ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രത്തിന്റെ ചുമതല നോഡല്‍ ഏജന്‍സിയായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്. കഴിഞ്ഞ ദിവസം ഐടിബിപി അംഗങ്ങള്‍ രാധാ സോമി ബ്യാസ് കോംപ്ലക്‌സിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 10,200 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ സജ്ജമാക്കുന്നത്. ജൂണ്‍ 26ഓടെ ഭാഗികമായെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദല്‍ഹിയില്‍. 3,947 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്താദ്യമായാണ് ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് നിന്ന് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
നിലവില്‍ രാജ്യത്തെ വൈറസ് വ്യാപന നിരക്കിന്റെ ഇരട്ടിയിലധികമാണ് ദല്‍ഹിയിലെ വ്യാപന നിരക്ക്. പരിശോധന വര്‍ധിച്ചതാണ് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നു. ദല്‍ഹിയിലെ എല്ലാ വീടുകളിലും പരിശോധന നടത്തണമെന്നാണ് ഡോ.വി.കെ. പോള്‍ കമ്മിറ്റിയുടെ നിര്‍ദേശം. സംസ്ഥാനത്തെ കണ്ടൈന്‍മെന്റ് സോണുകളിലുള്ള എല്ലാ വീടുകളിലും ജൂണ്‍ 30നകം സ്‌ക്രീനിങ് നടത്തണം. ഇങ്ങനെ ജൂലൈ ആറിനുള്ളില്‍ ദല്‍ഹിയിലുള്ള എല്ലാ വീടുകളിലുള്ളവരെയും പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് നിര്‍ദേശം.
എന്നാല്‍, വൈറസ് ബാധ സ്ഥിരീകരിക്കുന്ന എല്ലാവരും നിര്‍ബന്ധമായും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസം മാത്രം 68 പേരാണ് ദല്‍ഹിയില്‍ മരിച്ചത്. ആകെ ബാധിതര്‍ 66,602. മരണം 2,301. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 2,711 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവര്‍ 39,313. 24,988 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 4,01,648 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 7.30 ലക്ഷം സാമ്പിളുകള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം മാത്രം 2,15,195 സാമ്പിളുകള്‍ പരിശോധിച്ചു.
മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്
മഹാരാഷ്‌ട്രയില്‍ പുതിയ വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഒരാഴ്ചയായി ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണം 3,500ന് മുകളിലായിരുന്നു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 3,214 പേരാണ് രോഗികളായത്.
മുംബൈയിലും രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ദിവസവും ആയിരത്തിലധികം പേര്‍ വൈറസ് ബാധിതരാകുന്ന മുംബൈയില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 824 പേര്‍ക്കാണ്. മുംബൈയില്‍ മാത്രം 68,410 പേരാണ് വൈറസ് ബാധിതരായത്. 42 പേര്‍ മരിച്ചു. മുംബൈയിലെ ആകെ മരണം 3,844. 29,982 പേരാണ് നിലവില്‍ മുംബൈയില്‍ ചികിത്സയിലുള്ളത്. 34,576 പേര്‍ രോഗമുക്തരായി. 1,39,010 പേരാണ് മഹാരാഷ്‌ട്രയിലെ ആകെ ബാധിതര്‍. മരണം 6,531. 4.7 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്.
തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരില്‍ 7.10 ശതമാനത്തിന്റെ കുറവ്
മഹാരാഷ്‌ട്രയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിലും വൈറസ് ബാധിതര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. വൈറസ് ബാധിതരില്‍ 7.10 ശതമാനത്തിന്റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2,516 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 2,710 ആയിരുന്നു. ചെന്നൈയിലും നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 1,380 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 39 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ആകെ ബാധിതര്‍ 64,603. മരണം 833. 28,431 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 35,339 പേര്‍ രോഗമുക്തരായി.
ഗുജറാത്തില്‍ മരണം 1,700 കടന്നു
രാജ്യത്തേറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമായ ഗുജറാത്തില്‍ ആകെ മരണം 1700 കടന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 25 പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1,710 ആയി. 548 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 28,371.
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം മാത്രം 604 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 20,513. 33 ദിവസങ്ങള്‍ക്കിടയില്‍ അഹമ്മദാബാദില്‍ ഏറ്റവും കുറവ് രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 235 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. ആറ് ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്, രോഗമുക്തി നിരക്ക് 72.2 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: