കൊച്ചി : അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും സിപിഎം പരിപാടികളില്‍ സജീവമായി തന്നെ സക്കീര്‍ ഹുസൈന്. പെട്രോള്‍ വില വര്‍ധനവിനെതിരെ വ്യാഴാഴ്ച കളമശ്ശേരിയില്‍ നടന്ന പാര്‍ട്ടി സമരത്തിലും സക്കീര്‍ ഹുസൈന് നിറ സാന്നിധ്യമായിരുന്നു.
സ്വത്ത് സമ്പാദനക്കേസില്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ ആറ് മാസത്തേയ്ക്കാണ് പുറത്താക്കിയത്. ബുധനാഴ്ച ചേര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി യോഗത്തില്‍ പി. രാജീവും ബേബി പക്ഷവും അറിയിച്ചെങ്കിലും ഇതെല്ലാം തള്ളി നടപടി സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമ്മീഷന് നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്.
അതേസമയം വിഷയത്തില്‍ പാര്‍ട്ടി ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. അച്ചടക്ക നടപടിയില്‍ പാര്‍ട്ടി നേതൃത്വം മൗനം തുടരുകയാണ്.
ഇന്ധന വില വര്‍ധനവിനെതിരായ കളമശേരി ഏരിയാ കമ്മിറ്റിയുടെ പ്രതിഷേധ സമരത്തില്‍ സക്കീര്‍ പ്രധാന നേതാവായി തന്നെ പങ്കെടുക്കുകയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു. സംസ്ഥാന സമിതിയംഗം കെ ചന്ദ്രന് പിള്ളയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സക്കീര്‍ ഹുസൈനെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: