തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം പടരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണ തൊഴിലാളികള്‍ ആശങ്കയില്‍. ദിനം പ്രതി നിരവധി വീടുകളുമായും വ്യക്തികളുമായും പല തരത്തിലുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്ന ഗ്യാസ് വിതരണ തൊഴിലാളികള്‍ക്ക് കൊറോണ രോഗ ബാധ ഉണ്ടാകാനുള്ള സാധ്യത താരതമ്യന കൂടുതലാണ്. അതിനാല്‍ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാചകവാതക സിലിണ്ടറുകള്‍ വിതരണം നടത്തുന്നത് ആശങ്കയോടെയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
ജില്ലയില്‍ നൂറിലേറെ ഗ്യാസ് ഏജന്‍സികളുടെ കീഴില്‍ 1000ലധികം വിതരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയ ജോലിയായതിനാല്‍ നിര്‍ബന്ധമായും വിതരണം നടത്തണം. ഗ്യാസ് ഏജന്‍സികള്‍ ലോക്ഡൗണ്‍ കാലത്ത് റെഡ്സോണ്‍ പ്രദേശങ്ങളില്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ ഹോട്സ്പോട്ടുകളിലും തൊഴിലാളികള്‍ എല്ലാ ദിവസവും സിലിണ്ടര്‍ വിതരണം ചെയ്തിരുന്നു. ഒരു ദിവസം ഒരാള്‍ 30ലേറെ വീടുകളിലാണ് സിലിണ്ടറുകള്‍ എത്തിക്കുന്നത്. വളരെ ഭയാശങ്കയോടെയാണ് റെഡ്സോണ്‍ മേഖലകളില്‍ ഗ്യാസ് വിതരണം ചെയ്തിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ചിലയിടങ്ങളില്‍ അടുക്കളയിലെത്തിയും സിലിണ്ടര്‍ നല്‍കേണ്ടി വരും. കൊറോണ നിയന്ത്രണ മേഖലകളിലും രോഗം സ്ഥിരീകരിച്ചവരുടെ അയല്പക്കങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും വിവരമറിയാതെ കടന്നുചെല്ലുന്ന സാഹചര്യമാണ് നിലവിലുള്ളത്. കണ്ടെയ്മെന്റ് സോണുകളില്‍ അടച്ചുകെട്ടിയ റോഡുകളിലെ തടസങ്ങള്‍ നീക്കിയാലേ ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ക്ക് കടന്നു പോകാനാവൂ. ഇതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഗ്യാസ് ഏജന്‍സികളില്‍ ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും കയ്യുറകള്‍ ധരിച്ചുമാണ് ജോലി ചെയ്യുന്നതെങ്കിലും കണ്ടെയ്മെന്റ് സോണിലൂടെയും മറ്റും യാത്ര ചെയ്യുമ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുമോയെന്നാണ് തൊഴിലാളികളുടെ ആശങ്ക. അവശ്യ സേവനമെന്ന നിലയില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും പലപ്പോഴും ഉണ്ടാകാതെയാണ് തൊഴിലെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പരിശോധനകളും സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങളും വേണമെന്നാണ് ഗ്യാസ് വിതരണ തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: