കൊട്ടാരക്കര: മാപ്പിളലഹളയുടെ പേരില്‍ വീണ്ടും വിവാദങ്ങളുണ്ടാക്കി മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസികളുടെ വിഷയങ്ങള്‍ മറയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കൊട്ടാരക്കരയില്‍ ബിജെപി നഗരസഭാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശിയതിലൂടെ ഇഎംഎസിന്റെ ഭൂതം പിണറായിയിലേക്കും കടന്നുവെന്നാണ് മനസിലാക്കേണ്ടത്. ഹാജിയെ വിപ്ലവകാരിയും സ്വാത്രന്ത്യസമര സേനാനിയുമാക്കുന്നത് മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. പ്രവാസി വിഷയം സര്‍ക്കാരിനെതിരായി മാറിയപ്പോള്‍ അതിനെ മറികടക്കാനും മുസ്ലിം വോട്ടുബാങ്കില്‍ കടന്നുകയറാനും എസ്ഡിപിഐ അടക്കമുള്ള കടുത്ത മതതീവ്രവാദികളുമായി കൈകോര്‍ക്കുകയാണ് സിപിഎം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെങ്കില്‍ നൂറുവര്‍ഷം മുമ്പു നടന്ന മാപ്പിളലഹളയില്‍ ക്ഷേത്രങ്ങള്‍ തച്ചുടച്ചതും അരുംകൊലകള്‍ നടത്തിയതുമെന്തിനാണ്? രാജ്യദ്രോഹ ശക്തികളുമായി കൂട്ടുചേരുന്നതിനാണ് സിപിഎം ചരിത്രത്തെ വളച്ചൊടിക്കുന്നതെന്ന് ഏതൊരാള്‍ക്കും മനസിലാകും. വര്‍ഗീയവാദിയായ സംവിധായകനും എസ്ഡിപിഐക്കാരനായ തിരക്കഥാകൃത്തും ഇതിന് കരുനീക്കം നടത്തി. സിനിമയും നാടകവുമൊന്നുമല്ല ഇവിടെ നടക്കുന്നത്, പച്ചയായ രാഷ്ട്രീയമാണ്. എന്നിരുന്നാലും മാപ്പിളലഹള ഒരിക്കല്‍ കൂടി ചര്‍ച്ചയായത് നല്ലതാണ്. യഥാര്‍ഥ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണിത്. കുമാരനാശാന്റെ ദുരവസ്ഥ പൊതുസമൂഹത്തെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് വായിപ്പിക്കണം. ദുരവസ്ഥയുടെ കോപ്പികളെടുത്ത് വിതരണം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
ബിജെപി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, മുന്‍ പ്രസിഡന്റ് ജി. ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്, ആര്. ദിവാകരന്, ഡോ. എന്‍.എന്‍. മുരളി, കെ.ആര്. രാധാകൃഷ്ണന്, രാജീവ്, അബീഷ്, രാജഗോപാല്‍, അമ്പിളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: