തിരുവനന്തപുരം: കൊറോണ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ധര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കും.
തലസ്ഥാനത്ത് നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവെങ്കിലും കര്‍ശനമായ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളതെന്നും കളക്ടര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യപടിയായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ധിപ്പിക്കും. ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കൊറോണ സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കും. കോര്പ്പറേഷന് പരിധിയില്‍ പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ സര്‍വസജ്ജമായ കൊറോണ ടെസ്റ്റിംഗ് മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തും. ഏഴ് ആംബുലന്‍സുകള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ കൂടി സഹകരണമുണ്ടെങ്കിലേ ഈ ഘട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ.
രോഗലക്ഷണം പ്രകടമാകുന്നവര്‍ ആദ്യം ഫോണിലൂടെ ഡോക്ടറുടെ സേവനം തേടണം. ആവശ്യമെങ്കില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍ പാടുള്ളൂ. 1077 ല്‍ വിളിച്ച് കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. കടകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് തടയുന്നതിനുള്ള നടപടികളോട് എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുകയും വേണം. സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
‘ബ്രേക്ക് ദി ചെയിന്‍’ ക്യാമ്പയിന് ഇനിയും ശക്തിപ്പെടണം. സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇനി ശക്തമാക്കേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും അനാവശ്യ യാത്ര ഒഴിവാക്കണം. വളരെ ആവശ്യമാണെങ്കില്‍ മാത്രമേ പുറത്തു പോകാവൂ. പുറത്തു പോയാല്‍ തന്നെ ‘ബ്രേക്ക് ദി ചെയിന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: