കൊട്ടാരക്കര: സംരക്ഷണപദ്ധതികള്‍ അട്ടിമറിച്ചതോടെ നിലനില്‍പ്പിനായി കേഴുകയാണ് പുലമണ്‍ തോട്. മാലിന്യങ്ങള്‍ തോടിന്റെ മിക്കയിടങ്ങളിലും അടിഞ്ഞുകൂടിയിട്ടുണ്ട്. കരമണ്ണിടിഞ്ഞിറങ്ങിയും തോട്ടിലൂടെ ഒലിച്ചുവന്ന മണലും കൂനകളായി മാറി. ഇവയില്‍ കുറ്റിക്കാടുകളും വളര്‍ന്നു. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ നഗരസഭയും എംഎല്‍എയും ഗുരുതര വീഴ്ചകള്‍ വരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളത്തില്‍ ഉള്‍പ്പെടുത്തിയ 13.92 കോടി രൂപയുടെ പുലമണ്‍ തോട് നവീകരണ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇനിയും പുലമണ്‍ തോടിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകില്ലെന്ന സ്ഥിതിയാണ്.
തോട്ടില്‍ സ്വാഭാവിക നീരൊഴുക്കില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കാന്‍പോലും നഗരസഭ അധികൃതര്‍ തയ്യാറാകുന്നില്ല. മീന്‍പിടിപ്പാറ മുതല്‍ കല്ലടയാറ്റിലെ അന്തമണ്വരെ നീളുന്ന പുലമണ്‍ തോട് സമൂലമായി നവീകരിക്കാനായിരുന്നു 13.92 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തത്.
തോട് മാലിന്യമുക്തമാക്കാനും സ്വാഭാവിക നീരൊഴുക്കിന് സംവിധാനമൊരുക്കാനും ലക്ഷ്യമിട്ടിരുന്നപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ പിന്തുണ ലഭിച്ചെങ്കിലും പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്.
മണ്ഡലത്തില്‍ കോടികളുടെ വികസന വിപ്ലവം നടത്തിയെന്ന് വ്യാജ അവകാശവാദം ഉന്നയിക്കുന്നവര്‍ പട്ടണത്തിന്റെ ഭാഗമായ പുലമണ്‍ തോടിനെപ്പോലും മറന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: