മേലാറ്റൂര്‍: ഒരു കോഴി നിര്‍ത്തി പൊരിച്ചത്, പിന്നെ അതാ വലിയൊരു തവള, അടുത്ത് ആരെയും കൊതിപ്പിക്കുന്ന മോഹിപ്പിക്കുന്ന കുരുവി. ജീവസ്സുറ്റ ത്രീഡി ചിത്രങ്ങളുമായി വിസ്മയം തീര്‍ക്കുകയാണ് എടയാറ്റൂര്‍ സ്വദേശി കാട്ടുചിറയില്‍ വെമുള്ളി റിയാസ്.
കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ തല്പരനായിരുന്ന റിയാസ് ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്തതാകട്ടെ ഗ്രാഫിക്സ് ഡിസൈനിങും. കമ്പ്യൂട്ടര്‍ യുഗമായതോടെ ചിത്രരചനക്ക് അത്ര പ്രാധാന്യമില്ലെന്ന തോന്നല്‍ കാരണം ഗ്രാഫിക്സ് ഡിസൈനിങില്‍ മുഴുകി. എന്നാല്‍ കളര്‍ പെന്‍സിലും മറ്റും ഉപയോഗിച്ചുള്ള ചിത്രരചനയെ അങ്ങനെ കൈവിടാന്‍ റിയാസിന്റെ മനസ്സ് അനുവദിച്ചില്ല. ഇന്നത്തെ ട്രന്‍ഡായി മാറിയ ത്രീഡി ചിത്രത്തിലേക്ക് കടന്നത് അങ്ങനെയാണ്. പ്രശസ്തരായവരുടെ ചിത്രങ്ങളാണ് ആദ്യം വരച്ചുതുടങ്ങിയത്. റിയാസ് 2016ല്‍ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് വരച്ച ഓറഞ്ചിന്റെ ത്രീഡി ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമായി മാറി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര തുടര്‍ന്നു.
ലോക്ഡൗണ്‍ സമയത്ത് വരച്ച പൊരിച്ച ചിക്കന്റെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സിനിമ നടന് ഗിന്നസ് പക്രു ആ ചിത്രം ഫേസ്ബുക്കില്‍ പൊരിച്ചതല്ല വരച്ചതാ അതും പെന്‍സില്‍ കൊണ്ട് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ റിയാസ് നാട്ടിലെ താരമായി മാറി. ഇപ്പോള്‍ ആലുവയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്സ് ഡിസൈനിങ് ജോലി ചെയ്യുകയാണ് ഇരുപത്തിയെട്ടുകാരനായ റിയാസ്. എടയാറ്റുര്‍ വെമുള്ളി ഹംസയുടെയും, ആമിനയുടെയും മകനാണ്. ഭാര്യ ഷിഫാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: