തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പാഠഭാഗങ്ങള്‍ റെക്കോഡ് ചെയ്ത് പഠിതാക്കള്‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തത്സമയ ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ക്ലാസ്സിന്റെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. വിദ്യാര്‍ഥികളുമായി ഇടപഴകിയുള്ള തത്സമയ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തി ഡിവിഷന്‍ അടിസ്ഥാനത്തില്‍ ക്ലാസ് നടത്തേണ്ടതാണ്.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ്, സിബിഎസ്ഇ, ഐസിഎസ്ഇ അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കണം. ഇന്റര്‍നെറ്റിന്റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തും കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാകാതെ പോകുന്നത് റെക്കോഡ് ചെയ്ത ക്ലാസ്സുകള്‍ വഴി പരിഹരിക്കാനാകും.
ക്ലാസ്സുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുഴുവന്‍ കുട്ടികള്‍ക്കുമായി ഒരു ക്ലാസ്സ് എന്ന രീതിയില്‍ നടത്തുന്നതിന് പകരം എല്ലാ കുട്ടികള്‍ക്കും ക്ലാസ്സുകളില്‍ ഇടപഴകുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി ക്ലാസ്സുകള്‍ ഓരോ ഡിവിഷന്‍ ക്രമത്തിലാക്കണം. പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ അതുകാരണം കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: