തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഏർപ്പെടുത്തിയെന്നു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ. പതിനാലു വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഇന്നും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. ഇതിനോടകം രണ്ട് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. എന്നിട്ടും സർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ട ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കുന്നില്ല. എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിന് തദ്ദേശസ്ഥാപനങ്ങൾ ഫണ്ടനുവദിക്കണമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഒരു തദ്ദേശ സ്ഥാപനവും ഇതിനായി ഫണ്ടനുവദിച്ചില്ല. സന്നദ്ധ സംഘടനകൾ മാത്രമാണ് കുറച്ചെങ്കിലും വിദ്യാർത്ഥികളെ സഹായിച്ചത്. കോടതിയിൽ എല്ലാ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കിയെന്നു പറയുന്ന സർക്കാർ എത്ര കുട്ടികൾക്ക് എത്ര രൂപ ചെലവഴിച്ചെന്ന് പറയാൻ തയ്യാറാകണം. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളോട് സർക്കാർ കാണിച്ചിരിക്കുന്നത് ക്രൂരമായ വിവേചനമാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 300ൽ അധികം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുള്ളത്.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയിൽകെട്ടിവയ്‌ക്കാതെ സർക്കാർ നേരിട്ട് പണം നൽകാൻ തയ്യാറാകണം. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കിയെന്ന് പറഞ്ഞ് കോടതിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ബിജെപി ശക്തമായ സമരങ്ങൾക്ക് വീണ്ടും നേത്യത്വം നൽകുമെന്നും പി.സുധീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: