ആലപ്പുഴ: ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോക സംഘര്‍ഷ സമിതിയുടെ പേരില്‍ അടിയന്തരാവസ്ഥക്കെതിരെ നിയമലംഘനം നടത്തി ആദ്യ അറസ്റ്റ് നടന്നത് ആലപ്പുഴയില്‍. ആര്‍എസ്എസ് ആലപ്പുഴ നഗര്‍ സംഘചാലക് റിട്ട.പ്രധാന അദ്ധ്യാപകനായിരുന്ന സുകുമാരപിള്ളയുടെ നേതൃത്വത്തില്‍ 11 പ്രവര്‍ത്തകരാണ് പ്രതിഷേധ സമരം നടത്തിയത്. സമരം തുടങ്ങി പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തിലെ ഭാരതത്തിലെ ആദ്യ അറസ്റ്റ് ആലപ്പുഴയിലായി.
ഭാരതത്തിലെമ്പാടും മുന്നൂറ് സ്ഥലങ്ങളിലാണ് സംഘം പ്രതിഷേധ സമരത്തിന് നിശ്ചയിച്ചിരുന്നത്. 1975 നവംമ്പര്‍ 14 ന് രാവിലെ ഒന്‍പതിന് സമരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് നടന്നു. മിക്കസ്ഥലത്തും അതിന് ശേഷമാണ് സമരം ആരംഭിച്ചതും അറസ്റ്റ് നടന്നതും. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം അനീതിയും, അക്രമവും പൊറുപ്പിക്കില്ലെന്ന് ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചായിരുന്നു സമരം നടത്തിയതെന്ന് സമരത്തില്‍ പങ്കെടുത്ത കെ. സി. ജാനകിറാം ഓര്‍ക്കുന്നു.
അന്ന് കളക്ട്രേറ്റായിരുന്ന ഇന്നത്തെ ജില്ലാക്കോടതിക്ക് മുമ്പിലായിരുന്നു സമരം. സമര കാഹളമായി താന്‍ തേങ്ങ ഉടച്ചതോടെ സുകുമാരപിള്ള സാര്‍ പ്രസംഗിച്ചു തുടങ്ങി. ഉടന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു. തനിക്ക് അന്ന് പ്രായം ഇരുപത്തി എട്ടായിരുന്നു. വാമനപൈ, വെങ്കിടേശ്വരന്, കണ്ണന്, വിദ്യാരംഭം നാഗരാജന്, ഗോവിന്ദന്‍കുട്ടി, ഗോപാലകൃഷ്ണന്, ഉണ്ണികൃഷ്ണന്, രാമചന്ദ്രന്, മോഹനന്, രാധാകൃഷ്ണന് എന്നിവരാണ് പങ്കെടുത്തതെന്ന് ജാനകിറാം പറഞ്ഞു.
ഇരുപത്തി രണ്ടു ദിവസം കഴിഞ്ഞ് ജയില്‍ മോചിതരായി. എന്നാല്‍ ഭാരതത്തില്‍ അന്ന് പിടിയിലായവര്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷംവരെ ജയിലില്‍ കിടന്നു. പിന്നീട് തന്നെയും, സുകുമാരപിള്ള, നാഗരാജന്, രാമചന്ദ്രന് എന്നിവരെ മിസാ നിയമപ്രകാരം വീണ്ടും ജയിലില്‍ അടച്ചു. രണ്ടു വര്‍ഷം ജയില്‍വാസം അനുഭവിച്ചു.
ജൂണ്‍ 25 ഇന്നും പല ഓര്‍മ്മകള്‍ മനസില്‍ തികട്ടിവരും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 നായിരുന്നു ഏറണാകുളം കാര്യാലയമായ മാധവ നിവാസിന്റെ ഗൃഹപ്രവേശ ചടങ്ങ്. അതില്‍ പങ്കെടുക്കാനായി താനും പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയുമായ കെ. ഭീമ ഭട്ടരും കാറില്‍ എറണാകുളത്ത് എത്തിയപ്പേഴാണ് അറിയുന്നത് ചടങ്ങുകള്‍ മാത്രമേ ഉള്ളുവെന്നും ഉടനെ എല്ലാവരും മടങ്ങിപോകണമെന്നും നിര്‍ദേശം കിട്ടി. അന്ന് ഞങ്ങള്‍ നിരാശരായാണ് മടങ്ങിയതെന്ന് ഇന്നും ഓര്‍ക്കുന്നതായി ജാനകിറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: