തിരുവനന്തപുരം:സൗദി അറേബ്യയില്‍ നിന്ന് വരുന്നവരും കുവൈറ്റില്‍ നിന്ന് പരിശോധന നടത്താതെ വരുന്നവരും എന്‍ 95 മാസ്ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവയ്ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളില്‍ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാര്‍ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്ക്ക് എന്നിവ വിമാനത്താവളങ്ങളില്‍ വച്ച് സുരക്ഷിതമായി നീക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കും.
യു. എ. ഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. അവിടെ നിന്ന് വിമാനത്തില്‍ പുറത്തേക്ക് പോകുന്ന മുഴുവന്‍ പേരേയും യു. എ. ഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ എന്‍. 95 മാസ്ക്കും ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവയും ധരിച്ചിരിക്കണം. സാനിറ്റൈസറും കൈയില്‍ കരുതണം. ഖത്തറില്‍ നിന്ന് വരുന്നവര്‍ അവിടത്തെ എഹ്ത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഇവിടെ എത്തിയ ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് നടത്താന്‍ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരെല്ലാം പരിശോധന നടത്താന്‍ പരമാവധി ശ്രമിക്കണം. പരിശോധന നടത്തിയവര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകമായിരിക്കണം ടെസ്റ്റ് നടത്തുന്നത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ നടത്തുന്ന സ്ക്രീനിംഗില്‍ രോഗലക്ഷണം കാണുന്നവരെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകും. പരിശോധനകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ രോഗലക്ഷണം ഇല്ലാത്തവരും വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്. ടി. പി. സി. ആര്, ജീന്‍ എക്സ്പ്രസ്, ട്രൂനാറ്റ് പരിശോധനകള്‍ക്ക് വിധേയരാകണം. പരിശോധനാഫലം എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. വന്ദേഭാരത്, സ്വകാര്യ, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കെല്ലാം പുതിയ നിബന്ധനകള്‍ ബാധകമാണ്.
ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും. ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്. എന്നാല്‍, അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ നിരസിക്കുന്നുണ്ട്. അപേക്ഷ നല്കുമ്പോള് തന്നെ മുഴുവന്‍ വിവരങ്ങളും കൃത്യമായി നല്‍കണം. സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: