ആറ്റിങ്ങൽ: തിരുവനന്തപുരത്ത് നിന്നും കാൽനടയായി ആലംകോട് എത്തിയ അന്യസംസ്ഥാനക്കാരൻ വാഹനങ്ങൾക്കിടയിലേക്ക് ചാടി ആത്മഹത്യ ഭീഷണി മുഴക്കി. ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സംയോജിതമായ ഇടപെടലിനെ തുടർന്നാണ് വലിയൊരു അപകടത്തിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്നും കയ്യിൽ കിട്ടിയ എന്തോ ആയുധം ഉപയോഗിച്ച് ശരീരം സ്വയം കീറി മുറിവേൽപ്പിക്കുവാനും ശ്രമിച്ചു.
ഇയാളെ മെഡിക്കൽ കോളേജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ലക്നൗ സ്വദേശി 25 കാരനായ മീരാജ് കുമാർ എന്ന യുവാവാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. തിരുവനന്തപുരത്ത് നിന്നും കാൽനടയായാണ് ഇയാൾ ആറ്റിങ്ങലിന് സമീപമുള്ള ആലംകോട് എത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളുടെ ശരീര ഊഷ്മാവ് ഉൾപ്പടെയുള്ളവ പരിശോധിച്ച ശേഷം ആംബുലൻസിൽ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും അവിടുന്ന് മെഡിക്കൽ കോളേജ് ക്വാറന്റൈൻ സെന്റെറിലേക്കും കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലാണ് ഇയാൾ എത്തിയത്. തുടർന്ന് ക്വാറന്റൈൻ സെന്റെറിൽ പ്രവേശിപ്പിക്കുകയും അവിടുന്ന് ഇയാൾ ചാടുകയുമാണുണ്ടായതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. ഇയാളുടെ സംസാരവും പ്രവൃത്തിയും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നതും ഉദ്യോഗസ്ഥരെ ഏറെ ആശയ കുഴപ്പത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: