കൊട്ടിയം: ഇരവിപുരത്തും കൊല്ലത്തും കടല്‍ക്ഷോഭം രൂക്ഷം. തീരവാസികള്‍ ഭീതിയില്‍. അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല. കടല്‍ഭിത്തി ഭേദിച്ച് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്.
മഴക്കാലം എത്തിയതോടെ പതിവ് പോലെ കടല്‍ കലിതുള്ളിയെത്തി തീരം വിഴുങ്ങി തുടങ്ങി. കൂറ്റന്‍ തിരമാലകളെ തടയാന്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതാണ് തീരമേഖലകളില്‍ കടലേറ്റം മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം. വര്‍ഷാവര്‍ഷം തീരം ഇടിയുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരങ്ങള്‍ ഇറക്കാന്‍ ഇടമില്ലാത്തവിധം കര നഷ്ടപ്പെടുകയാണ്.
ഇതിനകം തന്നെ ഒട്ടേറെ വീടുകളും സ്ഥലവും കടലെടുത്തു. തലയെടുപ്പോടെ നിന്ന തെങ്ങുകള്‍ കടലിലേക്കു പതിക്കുന്ന കാഴ്ച വര്‍ഷംതോറം കൂടി വരികയാണ്. ഇനി കടലിനെടുക്കാനുള്ളത് തീരദേശ റോഡ് മാത്രമാണ്. അതു കൂടി എടുത്താല്‍ പിന്നെ കൊല്ലം തോടിനും കടലിനും മധ്യേ താമസിക്കുന്ന അവശേഷിക്കുന്ന വീടുകളും കടലെടുക്കും.
കൊല്ലം തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പദ്ധതി ആരംഭിച്ച നാള്‍ മുതലാണ് തീരം ഇല്ലാതായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു്. പത്ത് കിലോമീറ്ററോളം ഭാഗത്ത് ചെറു പുലിമുട്ടു വേണമെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. റിപ്പോര്‍ട്ട് അവഗണിച്ചു കൊണ്ട് ഇടതുവലതു മുന്നണികളുടെ രാഷ്‌ട്രീയ വടംവലിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. 36 പുലിമുട്ടുകളാണ് പരവൂര്‍ മുതല്‍ കാക്കത്തോപ്പുവരെ സ്ഥാപിക്കേണ്ടത്.
എന്നാല്‍ പന്ത്രണ്ട് പുലിമുട്ടുകള്‍ സ്ഥാപിച്ചപ്പോഴേക്കും പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഒട്ടേറെ ജനകീയ സമരങ്ങള്‍ക്കു ശേഷമാണ് മദ്രാസ് ഐഐടി വിദഗ്ധരെ എത്തിച്ച് വീണ്ടും പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി വീണ്ടും ലക്ഷ്മീപുരം തോപ്പ് മുതല്‍ 36 ചെറുപുലിമുട്ടുകളുടെ സ്ഥാപനം ആരംഭിച്ചു. പക്ഷേ ഇപ്പോള്‍ രണ്ടുവര്‍ഷമായിട്ടും പുലിമുട്ടുകള്‍ സ്ഥാപിച്ചു തീര്‍ന്നിട്ടില്ല. കഴിഞ്ഞ നവംബറില്‍ രണ്ടാംഘട്ട പുലിമുട്ടു സ്ഥാപനത്തിന്റെ പേരില്‍ വലിയ ആഘോഷമായി തന്നെ ഉദ്ഘാടനച്ചടങ്ങ് നടത്തി. എന്നിട്ടും പദ്ധതി ഇഴയുകയാണ്.
ഇരവിപുരം, കാക്കത്തോപ്പ്, കുളത്തിന്‍പാട്, ചാനാക്കഴികം, കച്ചിക്കടവ് ഭാഗത്തെ തീരം മെലിയുകയാണ്. ഇവിടെയാണ് തീരദേശ ഹൈവേ റോഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ പുലിമുട്ട് നിര്‍മിച്ചു കര ബലപ്പെടുത്താതെ ഹൈവേ നിര്‍മാണം ആരംഭിക്കാനും കഴിയില്ല. ഹൈവേയുടെ സര്‍വേ നടപടി പുരോഗമിക്കുകയാണ്. അടിയന്തരമായി പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കി തീരദേശത്തെ സംരഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: