പരവൂര്‍: സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ വന്‍ അഴിമതി. ചിറക്കര പഞ്ചായത്തിലെ ചിറക്കര കൃഷിഭവന് പരിധിയിലെ പോളച്ചിറ ഏലാ ഉള്‍പ്പെടെ അഞ്ചോളം ഏലാകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് സംഭരണത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതി നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പോളച്ചിറ ഏലാ പാടശേഖരസമിതിയാണ് ചിറക്കര കൃഷിഭവന് പരിധിയിലുള്ള നെല്ല് സംഭരിച്ചു സപ്ലൈകോയ്ക്കും ചിറക്കര ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കുന്നതിനായി ചിറക്കര പഞ്ചായത്തിനും നല്കി വരുന്നത്. എന്നാല്‍ പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുകയാണ്.
സപ്ലൈകോയ്ക്ക് നെല്ല് കൊടുക്കേണ്ട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അളവും നിലത്തിന്റെ വിസ്തീര്‍ണവും രേഖപ്പെടുത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും മാത്രമേ നെല്ല് സംഭരിക്കാനൂ എന്നാണ് ചട്ടം. എന്നാല്‍ ഇക്കുറി നെല്ല് സംഭരണ വിവരം പോലും ഭൂരിഭാഗം കര്‍ഷകരും അറിഞ്ഞില്ല. ഇത് മൂലം നെല്ല് കച്ചവടക്കാരുമായി ബദ്ധപ്പെട്ടവര്‍ക്ക് മാത്രമേ സപ്ലൈകോ രജിസ്ട്രേഷന് നടത്താന്‍ കഴിഞ്ഞുള്ളൂ.
രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ വന്‍തോതില്‍ നെല്ല് സംഭരിച്ച് സപ്ലൈകോക്ക് നല്‍കിയിട്ടുമുണ്ട്. അതേത്തുടര്‍ന്ന് സപ്ലൈക്കോ കര്‍ഷകര്‍ നെല്ല് ഉത്പാദിപ്പിച്ച നിലത്തിന്റെ വിസ്തീര്‍ണം ചോദിച്ചിരിക്കുകയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് മികച്ച വിളവ് ലഭിച്ചാല്‍ പോലും 3.5 ടണ്‍ നെല്ല് മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയീ എന്നിരിക്കെ ഒരു ഏക്കര്‍ നിലം ഉള്ളവര്‍ പോലും 10 ടണ്‍ നെല്ലാണ് സപ്ലൈകോക്ക് നല്‍കിയിരിക്കുന്നത്. ഇത് വ്യാപകമായ അഴിമതിയാണെന്ന് വ്യക്തമാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകരില്‍ നിന്നും കുറഞ്ഞ വില നല്കി നെല്ല് സംഭരിച്ച് കൂടിയ വിലയ്ക്ക് സപ്ലൈകോയ്ക്ക് നല്‍കുകയാണ്. ഇതുവഴി ഒരു കിലോ നെല്ലിന് അഞ്ചു രൂപയോളം സപ്ലൈകോക്ക് നല്‍കിയവര്‍ക്ക് ലഭിക്കും.
കൂടാതെ നൂറ് കിലോ നെല്ല് സംഭരിക്കുമ്പോള്‍ തൊണ്ണൂറ്റിയാറ് കിലോ മാത്രമേ കണക്കില്‍പ്പെടുത്തുന്നുള്ളൂ. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് കൃഷിഭവന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ നെല്ല് സംഭരണക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. പോളച്ചിറ പാടശേഖരസമിതി 25 കര്‍ഷകരില്‍ നിന്നും 20 ടണ്‍ നെല്ല് സംഭരിച്ചപ്പോള് സ്വകാര്യ നെല്ല് സംഭരണക്കാര്‍ 10 കര്‍ഷകരിലൂടെ 60 ടണ്‍ നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയിരിക്കുകയാണ്.
കൃഷി ഓഫീസറുടെ ശുപാര്‍ശ ഇല്ലാതെ സപ്ലൈകോ നെല്ല് സംഭരിക്കില്ല.കൃഷി ഓഫീസര്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ക്കുവേണ്ടി അനധികൃത ഇടപെടല്‍ നടത്തിയിരിക്കുകയാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകന്റെ നെല്ല് കുറഞ്ഞവിലയ്ക്ക് സംഭരിച്ച് കൂടിയ വിലയ്ക്ക് സപ്ലൈകോക്ക് മറിച്ചുവില്‍ക്കാന്‍ കൂട്ടുനിന്ന അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: