കോഴിക്കോട്: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം. കേരള എന്‍ജിഒ സംഘാണ് നിവേദനം നല്‍കിയത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള റവന്യൂ ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണണമെന്നാശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
വിവിധ പ്രദേശങ്ങളില്‍ നിന്നും തൊഴിലാളികളെ വാഹനത്തില്‍ കയറ്റി റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നത് റവന്യൂ ജീവനക്കാരാണ്. രാത്രിയില്‍ പുറപ്പെടുന്ന ട്രയിനില്‍ കയറ്റാന്‍ തൊഴിലാളികളുമായി കിലോമീറ്റര്‍ താണ്ടി റെയില്‍വേസ്റ്റേഷനിലേക്കുള്ള യാത്ര കോവിഡ് കാലത്ത് ജീവനക്കാരുടെ ആരോഗ്യം അപകടത്തിലാക്കും. അത്യാവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ, സാമൂഹിക അകലം പോലും പാലിക്കാന്‍ കഴിയാതെ അര്‍ദ്ധരാത്രിയിലുള്ള തൊഴിലാളികളുമൊന്നിച്ചുള്ള യാത്ര ജീവനക്കാര്‍ക്ക് രോഗം ക്ഷണിച്ച് വരുത്താനും സാദ്ധ്യതയുണ്ട്. തൊഴിലാളികളുമായുള്ള രാത്രി യാത്ര ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് രാത്രി 11 മണിക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി ബംഗാളിലേക്ക് പുറപ്പെടുന്ന ട്രയിനില്‍ യാത്ര അയക്കാന്‍, ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമായി പുറപ്പെട്ട ജീവനക്കാര്‍ക്ക് തീവണ്ടി റദ്ദാക്കിയതിനെ തുടര്‍ന്ന്, പാതിവഴിയില്‍ വെച്ച് തിരിച്ചുപോവേണ്ടി വന്നു. ഇത് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചു. ട്രയിന്‍ റദ്ദാവുന്ന സാഹചര്യത്തില്‍ നേരത്തെ വീടൊഴിയുകയും എന്നാല്‍ യാത്ര പുറപ്പെടാന്‍ കഴിയാതായ തൊഴിലാളികളെ വീണ്ടും തിരിച്ച് അവരുടെ താമസസ്ഥലത്ത് എത്തിക്കുമ്പോള്‍ കെട്ടിട ഉടമകള്‍ അവരെ താമസിപ്പിക്കാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ട്. ഇത്തരം സന്ദര്‍ങ്ങളില്‍ പ്രകോപിതരായ തൊഴിലാളികള്‍ ജീവനക്കാരുമായി തട്ടിക്കയറി പ്രശ്നമുണ്ടാക്കുകയും അത് ജീവനക്കാരുടെ ജീവന് തന്നെ ഭീഷണി ആകുന്ന സാഹചര്യവും ഉണ്ട്. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കി ജീവക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ജീവനക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും ദൂരസ്ഥലങ്ങളില്‍ പോയി തൊഴിലാളികളെ യാത്രയാക്കി തിരിച്ചു വരുന്ന സ്വന്തമായി വാഹനസൗകര്യം ഇല്ലാത്ത ജീവനക്കാര്‍ക്ക് രാത്രി വീടുകളില്‍ എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കണം.
ജീവനക്കാര്‍ പകല്‍ സമയത്തുള്ള സാധാരണഡ്യൂട്ടി കഴിഞ്ഞാണ് രാത്രി ഡ്യൂട്ടി കൂടി എടുക്കുന്നത്. രാത്രി ഡ്യൂട്ടി എടുക്കുന്ന ജീവനക്കാര്‍ക്ക് പകല്‍ ഡ്യൂട്ടി ഒഴിവാക്കി കൊടുക്കാന്‍ സാഹചര്യം ഉണ്ടാക്കണമെന്നും എന്‍ജിഒ സംഘ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി. ദേവാനന്ദന്, ജില്ലാ പ്രസിഡന്റ് പി. അജിത് കുമാര്‍, സെക്രട്ടറി ഷാജി, സിവില്‍ സ്റ്റേഷന് ബ്രാഞ്ച് പ്രസിഡന്റ് രാജന് കരുമാണ്ടി എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: