ഭാരതവും ചൈനയും തമ്മില്‍ സംഘര്‍ഷാത്മക സാഹചര്യം നിലനില്ക്കുമ്പോള് ‘ആങ്ങള ചത്താലും നാത്തൂന്റെ കണ്ണുനീര് കാണണമെന്ന’ മട്ടിലാണ് സോണിയയും രാഹുലും ചൈനയോടൊപ്പം നിന്ന് ഭാരതവിരുദ്ധ നിലപാടുകളെടുക്കുന്നത്. ട്രെയിറ്റര്‍ രാഹുല്‍, ചതിയന്‍ രാഹുല്‍, എന്നൊക്കെ വിവിധ ഭാഷകളില്‍ പലരും വിശേഷണം നല്‍കിത്തുടങ്ങിക്കഴിഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണ പദ്ധതിയുമായി കടന്നുവന്ന ചൈനയുടെ അധിനിവേശ ശക്തികളാണെങ്കിലും പ്രതിരോധം തീര്‍ത്ത് തിരിച്ചടി കൊടുക്കേണ്ടിവന്ന ജനാധിപത്യ ഭാരതമാണെങ്കിലും സംഘര്‍ഷ സാഹചര്യത്തെ അതിജീവിക്കും വരെ ഭരണതന്ത്രവും പ്രയോഗരീതികളും അതീവ രഹസ്യമാക്കിവയ്ക്കും. ഉപയോഗിക്കുന്ന ആയുധങ്ങള്‍, സഞ്ചരിക്കുന്ന വഴികള്‍, പരീക്ഷിക്കുന്ന അടവുകള്‍, രണവേളകളിലെ നേട്ടങ്ങള്‍, കോട്ടങ്ങള്‍, ഇതൊക്കെ വകതിരിവില്ലാതെ വിളിച്ചറിയിക്കുന്നത് ലക്ഷ്യം നേടുന്നതിന് തടസ്സമാകും. അവിടെ തുടക്കം തൊട്ട് സുതാര്യത ഉണ്ടായേ തീരൂ എന്ന് ഭാരതത്തോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നത് ശത്രുപക്ഷത്തുള്ള ചൈനയെ സഹായിക്കാന്‍ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. 2008 ല്‍ കോണ്‍ഗ്രസ്സും ചൈനീസ് ഭരണകൂടത്തിനു വേണ്ടി ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയും തമ്മില്‍ ഒപ്പുവെച്ച സോണിയാ-ജിങ്പിങ് കരാറനുസരിച്ച് ഭാരതത്തിന്റെ ആഗോളനയതന്ത്രവും പ്രതിരോധ രണതന്ത്രവവും സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍ പോലും ചൈനയ്ക്കു കൈമാറുന്നതിനുള്ള വ്യവസ്ഥ പാലിക്കുകയാണോ രാഹുല്‍ ഇപ്പോള്‍ ചെയ്യുന്നതെന്നതാണ് പൊതുസമൂഹത്തിലുയരുന്ന ചോദ്യം.
പറയേണ്ടതും പറയാവുന്നതും പങ്കുവെച്ച് ഭാരതീയ ജനസമൂഹത്തെ കൂടെ നിര്‍ത്തി ചൈനയെ പ്രതിരോധിക്കുവാനുള്ള ശക്തിയാര്‍ജ്ജിച്ച് ശ്രദ്ധാപൂര്‍വ്വം മുന്നേറുമ്പോളാണ് രാഹുല്‍ ചൈനയെ സഹായിക്കുവാനുള്ള തന്ത്രവുമായി രംഗത്തിറങ്ങുന്നത്. 1984 ഒക്ടോബര്‍ 31 നാണ് ഇന്ദിരാ ഗാന്ധിയുടെ വധത്തിനിട വരുത്തിയ ക്രൂരമായ അക്രമണം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെടിയുതിര്ത്തതെന്നതും ചരിത്രമാണ്. ഇന്ദിരാ ഗാന്ധിയുടെ ദൗര്‍ഭാഗ്യകരമായ അന്ത്യം അധികം താമസിയാതെ സംഭവിച്ചിട്ടുണ്ടാവാന്‍ തന്നെയാണ് അവിടെ സ്വാഭാവിക സാദ്ധ്യത. പക്ഷേ അങ്ങനെയൊരു ഘട്ടത്തില്‍ എടുക്കേണ്ട അടിയന്തിര നടപടികളെല്ലാം തെറ്റിച്ചുവെന്നാണ് പിന്നീടു വന്ന വാര്‍ത്തകള്‍. ആംബുലസിനു പകരം അംബാസിഡര്‍ കാറിലാണ് വെടികൊണ്ടു വീണ പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നേരിട്ട് ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കൊണ്ടു പോകാതെ എതിര് ദിശയിലുള്ള രാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലേക്ക് പകുതി വഴിയിലധികം പോയശേഷമാണ്, അങ്ങോട്ടു കൊണ്ടു പോകുന്നത്. ആശുപത്രിയിലേക്ക് മുന്നറിയിപ്പും നല്‍കിയില്ല. ഇതില്‍ ഏറ്റവും പ്രസക്തമായ ചോദ്യം മരണം സംഭവിച്ച സമയം എപ്പോഴായിരുന്നു എന്നതാണ്? ഒരുപക്ഷേ പിന്നീട് സര്‍ക്കാര്‍ പുറത്തുവിട്ട രണ്ടു മണി ഇരുപതു മിനിട്ടെന്ന മരണ സമയം ചോദ്യങ്ങളൊന്നും ചോദിക്കാതെ സ്വീകരിച്ചാല്‍ പോലും ആ വിവരം രാജീവ് ഗാന്ധിയെ പ്രധാനമന്തിയായി സത്യപ്രതിജ്ഞ ചെയ്തുവെന്ന വാര്‍ത്തയോടൊപ്പം മാത്രം പുറത്തുവിടാന്‍ വേണ്ടി മണിക്കൂറുകള്‍ വൈകിപ്പിച്ചതെന്തിനായിരുന്നു. ഇതെല്ലാം രാഹുല്‍ ചരിത്രം പഠിച്ച് വിശദീകരിച്ചിട്ടാവണം ചൈനാ-ഭാരത സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടനുടന്‍ ലഭ്യമാക്കുംവിധം പ്രധാനമന്ത്രി അതിര്‍ത്തിയിലെ സംഭവവികാസങ്ങളുടെ റണ്ണിങ് കമന്ററി നല്‍കണമെന്നൊക്കെ ആവശ്യപ്പെടുന്നത്.
ഇന്ദിരാഗാന്ധിയുടെ നേര്‍ക്കു വെടിയുതിര്‍ത്തത് അറിഞ്ഞപ്പോള്‍ മുതല്‍ ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രധാനമന്ത്രിയുടെ അവസ്ഥയറിയാതെ ഉഴറുകയായിരുന്നു. അന്ന് ദില്ലിയില്‍ നോര്‍ത്ത് ബ്ളോക്കില്‍ (ആഭ്യന്തര മന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും കാര്യാലയങ്ങളടങ്ങുന്ന കെട്ടിട സമുച്ചയം) ജോലി ചെയ്തിരുന്ന ഈ ലേഖകന്‍ അനുഭവിച്ചറിഞ്ഞ വസ്തുതയാണിത്. ദൂരദര്‍ശനെയും ആകാശവാണിയെയും, അടുത്ത ദിവസം വരുന്ന പത്രത്തെയും മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയെ ദുരുപയോഗം ചെയ്തു കൊണ്ട് പ്രധാനമന്ത്രിയുടെ മരണം എന്തിന് മണിക്കൂറുകളോളം മറച്ചുവെച്ചു. (അതിനിടെ മദ്ധ്യാഹ്നത്തോടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് മരണ വാര്‍ത്ത പുറത്തു വിടുകയും ചെയ്തു!) അമ്മയുടെ മൃതശരീരം മറവു ചെയ്യുന്നതിന് പോലും കാത്തിരിക്കാതെ മകന് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കുവാന്‍ കൊട്ടാരം നടത്തിപ്പുകാരായ അധികാര ദല്ലാളന്മാര് തീരുമാനിച്ചുറച്ചിരുന്നു. പക്ഷേ അതിനു തടസ്സങ്ങള്‍ പലതായിരുന്നു. (1) നിലവിലുള്ള പ്രധാനമന്ത്രി അന്തരിച്ചാല്‍ എങ്ങനെയാണ് ഭരണത്തിന് ബദല്‍ സംവിധാനം ഒരുക്കേണ്ടതെന്ന കാര്യത്തില്‍ ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥയില്ല. അതുകൊണ്ടു തന്നെ 1964ല്‍ ജവഹര്‍ലാല്‍ നെഹ്രു അന്തരിച്ചപ്പോള്‍ കാബിനറ്റിലെ രണ്ടാമനായ ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചു. പിന്നീട് ലോകസഭയിലെ ഭൂരിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ചേര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ നേതാവായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയോഗിക്കയും ചെയ്തു. 1966ല്‍ ശാസ്ത്രിജി അന്തരിച്ചപ്പോഴും അതേ രീതി തുടര്‍ന്നു. അന്നും ക്യാബിനറ്റിലെ രണ്ടാമനായിരുന്ന ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദയെ തന്നെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചു.
പിന്നീട് ലോകസഭയിലെ ഭൂരിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇന്ദിരാ ഗാന്ധിയെ നേതാവായി തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രിയായി നിയോഗിക്കയും ചെയ്തു. അങ്ങനെ സ്വീകാര്യമായ കീഴ് വഴക്കം സൃഷ്ടിക്കപ്പെട്ടു, ഇന്ദിര മരിച്ച ശേഷവും അതേ രീതി തുടരുന്നതായിരുന്നു ശരിയായ രീതി. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ച ശേഷം കോണ്‍ഗ്രസ്സ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താമായിരുന്നു. പക്ഷേ ആ രീതി അവലംബിച്ചാല്‍ രാജീവിന് അവസരം ലഭിക്കുമോയെന്നത് പൂര്‍ണ്ണമായി ഉറപ്പില്ലാത്ത കാര്യമായിരുന്നു. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ നെഹ്രു-ഗാന്ധി കുടുംബത്തിനും അവരുടെ അധികാര ദല്ലാളന്മാര്ക്കും സുഖകരമല്ലാത്ത വെല്ലുവിളികളെ നേരിടേണ്ടിവരുമെന്ന് അവര്‍ ഭയപ്പെട്ടു. (2) അധികാരമാറ്റത്തില്‍ അവരെ സഹായിക്കുന്ന വിധേയത്വം അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങില്‍ നിന്ന് പ്രതീക്ഷിക്കാമായിരുന്ന സാഹചര്യമായിരുന്നില്ല അന്ന് നിലവിലുണ്ടായിരുന്നത്. (3) സംഭവം നടക്കുമ്പോള്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗ് വിദേശ യാത്രയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രയോഗിച്ച തന്ത്രങ്ങള്‍ ഇന്ന് പൊതു സമൂഹത്തിന്റെ മുമ്പിലുണ്ടാകണം. വിദൂര വിദേശ രാജ്യത്തു നിന്നും രാഷ്ട്രപതി ദില്ലിയിലെത്തും വരെ കല്‍ക്കട്ടയില്‍ നിന്നും രാജീവ് ദില്ലിയിലെത്തുന്നത് വൈകിപ്പിച്ചു. ദില്ലിയിലെത്തിയ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങ് ഇന്ദിരയെ പ്രവേശിപ്പിച്ചിരുന്ന ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് യാത്ര ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിനു നേരേ വരെ ആക്രമണം. ഇതിനെല്ലാം സാക്ഷിയാകേണ്ടിവന്ന രാഷ്ട്രപതിയുടെ മുമ്പിലേക്ക് കീഴ്വഴക്കം കാറ്റില്‍ പറത്തി രാജീവീനെ പ്രധാനമന്ത്രിയാക്കിയാല്‍ അന്തരീക്ഷം ശാന്തമാകുമെന്ന വാഗ്ദാനവും. വഴങ്ങിയില്ലെങ്കില്‍ വരാന്‍ പോകുന്ന കടന്നാക്രമണങ്ങളുടെ ഭീഷണിയും ഉയര്‍ത്തി. ഇടക്കാല പ്രധാനമന്ത്രിയെ നിയോഗിക്കാതെ തന്നെ രാജീവിനു വേണ്ടി പ്രധാന മന്ത്രിക്കസേര പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയാണ് രാജീവിനെ പ്രധാനമന്ത്രിയാക്കിയ ശേഷം മാത്രം ഇന്ദിരയുടെ മരണം ഔദ്യോഗികമായി ആകാശവാണിയില്‍ പോലും പ്രക്ഷേപണം ചെയ്യുന്നതിന് ഇടവരുത്തിയത്.
കസേര പിടിച്ചെടുത്ത ശേഷമോ? സിഖ് സമുദായത്തിനെതിരെ വ്യാപകമായ കൊലപാതകങ്ങളുള്‍പ്പടെയുള്ള കൊടും ക്രൂരത രാജീവ് ഭരണകൂടത്തിന്റ നിഴലില്‍ അഴിച്ചു വിട്ടുകൊണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമുഖം ചരിത്രത്തില്‍ രക്താക്ഷരങ്ങള്‍ കൊണ്ട് എഴുതി ചേര്‍ത്തു. 1985 ല്‍ നടക്കേണ്ടിയിരുന്ന അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിയുന്നത്ര വേഗം നടത്തി ഇന്ദിരയുടെ ബലിദാനം വോട്ടാക്കി മാറ്റിയ രാജീവിനെ ഭാരതം കണ്ടു. ചുരുക്കത്തില്‍ സിംഹാസനം പിടിച്ചെടുക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളെ പുറം ലോകം അറിയാതെ ഇരിക്കാന്‍ ഇന്ദിരയുടെ മരണം പൊതുജനങ്ങളെ അറിയിക്കുന്നതു പോലും വൈകിപ്പിച്ച കുതന്ത്രങ്ങളുടെ കുടുംബപാരമ്പര്യമാണ് രാഹുലിന്റേത്. ആ രാഹുലാണ് അതിര്‍ത്തിയിലെ പ്രതിരോധത്തിന് ഭാരതം എടുക്കുന്ന ഓരോ നടപടിയും അവയുടെ വിജയ പരാജയങ്ങളും ഒന്നൊഴിയാതെ വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നത്.
ഇല്ല, രാഹുല്‍ അങ്ങനെയൊരു മണ്ടത്തരം രാജ്യത്തോടും അതിര്‍ത്തിയില്‍ നേര്‍ക്കു നേര് പോരാട്ടം നടത്തുന്ന ധീരയോദ്ധാക്കളോടും പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരിക്കും ചെയ്യാന്‍ കഴിയില്ല. കാരണങ്ങള്‍ പലതാണ്. 1. ഭാരതീയ സേനയ്ക്ക് പരാജയത്തിനിടവരുത്തും. 2.യോദ്ധാക്കളുടെ ജീവഹാനിക്കിടവരുത്തും. 3. പടപൊരുതുന്നവരുടെ കുടുംബാംഗങ്ങളിലും വേണ്ടപ്പെട്ടവരിലും ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടവരുത്തും. അത് പൊതുസമൂഹത്തേ കൂടെക്കൂട്ടുന്നതില്‍ ഭരണകൂടത്തിന് തടസ്സം സൃഷ്ടിക്കും. 4. ഭാരതത്തിന്റെ രണരഹസ്യങ്ങള് ലഭ്യമാകുന്നതോടെ നമ്മുടെ പ്രതിരോധം തകര്‍ക്കുവാന്‍ വേണ്ട പുതുരീതികള്‍ ആലോചിക്കാനും നടപ്പാക്കുവാനും ശത്രു രാജ്യത്തിന് അവസരം നല്‍കും. അതൊക്ക തന്നെയാണ് രാഹുലിന്റെ ലക്ഷ്യമെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. ചൈനയുമായുള്ള കരാര്‍ ജോലി ചെയ്താല്‍ നേടാന്‍ പലതുമുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ടാകാം. പക്ഷേ നരേന്ദ്രമോദിയുടെ ജീവിതലക്ഷ്യം തന്നെ മാതൃഭൂമിയുടെ രക്ഷയും വികാസവുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്ന് അശ്രദ്ധയോ വിട്ടു വീഴ്ചയോ രാഹുല്‍ പ്രതീക്ഷിക്കരുത്.
( ഭാരതീയ വിചാര കേന്ദ്രം
തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍
9497450866)
പ്രതികരിക്കാൻ ഇവിടെ എഴുതുക: