തിരുവനന്തപുരം: സമൂഹവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരസഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാപരിധിയിലെ പാളയം, ചാല തുടങ്ങി മാർക്കറ്റുകളിലും ആളുകൾ കൂടുതലായി വന്നുപോകുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകളുടെ പ്രവർത്തനം അമ്പത് ശതമാനമായി കുറയ്‌ക്കും.
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിക്കൂ. ഇവിടങ്ങളിൽ പോലീസിന്റെ സഹായത്തോടെ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരത്തിലെ മാളുകളിലെ സൂപ്പർമാർക്കറ്റുകൾക്കും തീരുമാനം ബാധകമാണ്. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി എല്ലാ കടകളിലും കൈകഴുകൽ കേന്ദ്രവും സാനിറ്റൈസറും നിർബന്ധമായും ക്രമീകരിക്കണം. ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിൽ വീഴ്ച വരുത്തിയാൽ കടകൾ അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളുമുണ്ടാകും.
തീരദേശ മേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുംമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ സെന്ററുകൾ ആരംഭിക്കും. കല്യാണം, മരണം തുടങ്ങിയ പൊതുപരിപാടികളിൽ പ്രോട്ടോക്കോൾ ലംഘനം നടന്നാൽ പോലീസ് സഹായത്തോടെ കർശന നടപടികൾ നഗരസഭ സ്വീകരിക്കും. യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ഡിസിപി ഡോ. ദിവ്യ വി. ഗോപിനാഥ്, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, ബിജെപി നഗരസഭാ കക്ഷിനേതാവ് എം.ആർ. ഗോപൻ, ഡിഎംഒ പി.പി. പ്രീത, സെക്രട്ടറി എ.എസ്. ദീപ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: