മെഡിക്കൽകോളേജ്: മെഡിക്കൽ കോളേജ്ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് കൊറോണ ബാധിച്ചത് ആശങ്കയാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന വിവിധ പ്രദേശങ്ങളിലുള്ള നിരവധി ആൾക്കാരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നയാളാണ് ഇദ്ദേഹം.
കരിക്കകം സ്വദേശിയായ ഇദ്ദേഹം കെക്സോൺ ഏജൻസി വഴിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗം, കാർഡിയോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കായി പുതുതായി രൂപീകരിച്ച സാരി വാർഡ്, പേവാർഡ് കവാടം, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നതായും പറയുന്നു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് ദിനവും എത്തുന്നത്.
കൊറോണ ലക്ഷണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം വരാൻ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചെങ്കിലും വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടില്ല. ആരോഗ്യവകുപ്പ് ജീവനക്കാർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയതോടെയാണ് രോഗിയാണെ. രോഗവിവരം പുറത്തറിയിക്കാത്തതുകൊണ്ട് ഇദ്ദേഹത്തിന്റെ വീടുമായി സഹകരിച്ച സമീപവാസികളും ആശങ്കയിലാണ്. കരിക്കകം പ്രദേശത്ത് വിപുലമായ സമ്പർക്കവലയമുള്ള ഇദ്ദേഹവുമായി സഹകരിച്ചവരൊക്കെ രോഗഭീതിയിലായി.
ഇയാളുമായി ഇടപഴകിയ സഹപ്രവർത്തകരായ സെക്യൂരിറ്റി ജീവനക്കാർ, സാർജന്റുമാർ തുടങ്ങി ആശുപത്രിയിലെ അനവധി ജീവനക്കാർ നിരീക്ഷണത്തിലായി. മാത്രവുമല്ല സെക്യൂരിറ്റി ഡ്യൂട്ടിക്കിടയിൽ ഇയാളുമായി അടുത്ത് സംസാരിക്കേണ്ടി വന്ന സന്ദർശകരും അനവധിയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളുമില്ല. ഇതേസാഹചര്യത്തിൽ ഇദ്ദേഹവുമായി ഇടപെട്ടവർ വഴി സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ഇദ്ദേഹത്തിന്റെ രോഗബാധയെ തുടർന്ന് കടകംപളളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇന്നലെ അടച്ചിട്ട് ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറി. രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയതാണ് പ്രാഥമികാരോഗ്യ പ്രവർത്തനത്തെ പ്രതികൂലമാക്കിയത്. ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ വിവിധ ആവശ്യങ്ങൾക്കായി ഇവിടുത്തെ നഗരസഭ സോണൽ ഓഫീസുമായി ബന്ധപ്പെട്ടതിനാൽ സോണൽ ഓഫീസും ഇന്നലെ അടച്ചിട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗബാധിതരാകുന്നതിൽ രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ആദ്യം കൊറോണ ഐസൊലേഷൻ വാർഡിലെ ഡാറ്റാ ഓപ്പറേറ്ററായ വട്ടിയൂർക്കാവ് സ്വദേശിനിയാണ് രോഗബാധിതയായത്. ആശുപത്രി ജീവനക്കാർക്കിടയിൽ രോഗം പടരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: