വടകര: അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ബിജെപി. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തന്നെ വൈദ്യുതിയില്ലെന്ന് അഴിയൂര്‍ കെഎസ്ഇബി ഓഫീസില്‍ അറിയിച്ചിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ വീണ്ടും വിളിച്ചു. അത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.
വിവരം അറിയിച്ച് 18 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തത് കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജിത് കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതി അറിയിച്ചിട്ടും കെഎസ്ഇബി തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുളള കീരിത്തോടിലാണ് ഏഴോളം വൈദ്യുത പോസ്റ്റുകള്‍ നില്‍ക്കുന്നത്.
അപകടം നടന്ന പോസ്റ്റ് ഉള്‍പ്പെടെ പലതിനും സ്റ്റേ വയര്‍ ഇല്ല. കാലപ്പഴക്കം ചെന്ന കമ്പികളാണ് ലൈനുകളില്‍. ഇവ സമയബന്ധിതമായി അറ്റകുറ്റപണി നടത്തുന്നില്ല. വൈദ്യുതി വകുപ്പിന്റെ തികഞ്ഞ അനാസ്ഥക്ക് എതിരെ ബിജെപി, യുവമോര്‍ച്ച അഴിയൂര്‍ പഞ്ചായത്തു കമ്മറ്റികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: