കോഴിക്കോട്: മാലിന്യം നീക്കം ചെയ്യുന്നതില്‍ നിറവ് വേങ്ങേരി ക്രമക്കേട് നടത്തിയതായി കണ്ടെത്തി. മാലിന്യത്തോടൊപ്പം അതേ സ്ഥലത്തുള്ള പൂഴി കൂടി നിറച്ച് തൂക്കം വര്‍ദ്ധിപ്പിച്ചാണ് ക്രമക്കേട് നടത്തിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. നഗരസഭയിലെ വെസ്റ്റ്ഹില്‍ ഷ്രഡിങ് യൂണിറ്റിന് അടുത്തുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് കിലോയ്ക്ക് 4.40 രൂപ നിരക്കിലാണ് നിറവ് വേങ്ങേരിയ്ക്ക് കരാര്‍ നല്‍കിയത്.
2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ദിവസങ്ങളിലെ മാലിന്യത്തിന്റെ ശരാശരി തൂക്കം 10000 കിലോഗ്രാമിന് മുകളില്‍ വന്നിട്ടില്ല. ചില ദിവസങ്ങളില്‍ 15000 കിലോഗ്രാം എന്നാണ് രേഖപ്പെടുത്തിയത്. മാലിന്യത്തോടൊപ്പം പൂഴി കൂടി നിറച്ച് തൂക്കം വര്‍ദ്ധിപ്പിച്ചതായാണ് അനുമാനം. 15 ടണ്ണില്‍ കൂടുതല്‍ മാലിന്യം നീക്കം ചെയ്ത ദിവസങ്ങളിലെ 805816 രൂപ കോര്പ്പറേഷന് തടഞ്ഞ് വെച്ചിരിക്കുകയാണ്. ഈ തുക കണ്ടുകെട്ടുന്നതിനാണ് ആരോഗ്യകാര്യ കമ്മറ്റി കൗണ്‍സിലിന്റെ അംഗീകാരം തേടിയിരിക്കുന്നത്. ഇന്ന് നടക്കുന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഇരുപത്തിനാലാം അജണ്ടയായി വിഷയം ചര്‍ച്ചക്കെടുക്കും.
ഹരിതകേരളം കണ്‍സല്‍ട്ടന്‍സിയായി നിയമിച്ച വകയില്‍ നിറവ് വേങ്ങേരിയ്ക്ക് ഫീസ് നല്‍കുന്നതിനെതിരെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: