Categories: Kerala

ഓർമ്മകളിലെ ചതിയൻ ചൈന; 58 വർഷം മുമ്പത്തെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി തട്ടപാറകര സ്വദേശി

Published by

അജിത് കൃഷ്ണൻ

പന്തളം: ഇന്ത്യ ചൈന അതിർത്തി വീണ്ടും സംഘർഷഭരിതമാകുമ്പോൾ 58 വർഷം മുൻപ് സൈനിക ജീവിതത്തിലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ ഓർമ്മകൾ  ഇന്നും  മനസ്സിൽ സൂക്ഷിക്കുകയാണ് തട്ട പാറകര സ്വദേശി കെ. ശശിധരൻ. 1962 ജൂലൈ മാസത്തിൽ സൈനിക സേവനത്തിനായി അദ്ദേഹം മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിൽ നിയോഗിച്ചു. പരിശീലന കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ പരിശീലനം  ചുരുക്കി അതിർത്തിയിലെ റോഡ് നിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടു. അതിർത്തിയിൽ തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുമെങ്കിലും  1962 ഒക്ടോബർ 20ന് ഒരു പ്രകോപനവും കൂടാതെ  ഇന്ത്യയിലേക്ക് ചൈനീസ് പട്ടാളം  ഇരച്ചുകയറി.  

ഇവരെ നേരിട്ടത് ഇന്ത്യയുടെ  രണ്ട്, മൂന്ന് ഗൂർക്ക  റെജിമെന്റുകളിലെ സൈനികരായിരുന്നു. ആധുനിക ഓട്ടോമാറ്റിക് ആയുധങ്ങളുമായി എത്തിയ ചൈനയ്‌ക്ക് മുമ്പിൽ 303 റൈഫിൽ, എൽഎംജി റൈഫിൾ മാത്രം ഉപയോഗിച്ചാണ് ഇന്ത്യൻ സേന ചെറുത്തുനിന്നത്. 10 ഇന്ത്യൻ സൈനികർക്ക് ഒരു തോക്ക്  എന്ന നിലയിലായിരുന്നു അവസ്ഥ. ഗൂർക്ക  റെജിമെന്റ് ഒരാഴ്ച ചെറുത്തു നിന്നെങ്കിലും ഒരാൾ ഒഴികെ  മുഴുവൻ ആളുകൾക്കും ജീവൻ നഷ്ടമായി. 

പിന്നാലെ രാജ്പഥ് റെജിമെന്റ് രംഗത്തെത്തിയെങ്കിലും ചൈനയുടെ അക്രമത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഈ സമയം പഴയ ആസാം അതിർത്തി വരെ എത്തിയിരുന്നു ചൈന പട്ടാളം. ചൈനീസ് പട്ടാളത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭിക്കാതെ വന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ റേഷൻ ഗോഡൗണുകൾ ആക്രമിച്ച്  അതിൽ നിന്ന് സാധനങ്ങൾ കവർന്നു കൊണ്ട് പോവുകയും ചെയ്തു. ഇന്ത്യൻ സൈന്യം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ആയുധങ്ങളുടെ അഭാവം മൂലം പിന്നിലേക്ക് മാറേണ്ട  അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.  

ഒരു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇന്ത്യയിൽനിന്ന് പിന്തിരിയുകയും ആയിരുന്നു. 1962ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് പല പോരായ്മകൾ ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഭരിച്ചിരുന്ന സർക്കാർ സൈന്യത്തിന് മതിയായ സഹായങ്ങൾ നൽകുന്നതിൽ വിമുഖത കാട്ടി. 

രാജ്യത്തിന്റെ അഭിമാനമല്ല, പഞ്ചശീലതത്വങ്ങൾ ഉയർത്തിപിടിച്ചു നിൽക്കാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത.്  യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ മൃതദേഹം ഇന്നും  അതിർത്തിയിൽ മഞ്ഞുപാളികൾക്കുള്ളിൽ ഉണ്ടാകും. ഇന്ത്യൻ സൈന്യത്തെ മൃതശരീരങ്ങൾ എടുക്കുവാൻ പോലും  ചൈന അനുവദിച്ചിരുന്നില്ല. നിരവധി ആളുകളെ കാണാതെ പോവുകയും ചെയ്തു എന്നും അദ്ദേഹം ഓർമ്മിക്കുന്നു.  

ലോകത്തിലെ ഏറ്റവും വലിയ ചതിയന്മാരാണ് ചൈന എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  പാറക്കല്ലുകളിൽ ചൈന എന്നെഴുതി  ഇന്ത്യൻ ഭൂമിയിലേക്ക് എറിയുകയും പിന്നീട് ആ കല്ല് വീണു കിടക്കുന്ന സ്ഥലം തങ്ങളുടേതാണ് എന്ന അവകാശവാദവുമായി എത്തുകയും ചെയ്യുന്ന പ്രവണതയാണ് പണ്ടുമുതൽ അവർ കാട്ടുന്നതത്രെ. ചൈന യുദ്ധത്തിൽ കൂടാതെ 1971, 1965ലും പാകിസ്ഥാനുമായുള്ള യുദ്ധത്തിലും കെ. ശശിധരൻ പങ്കെടുത്തിരുന്നു.  71 ലെ യുദ്ധത്തിൽ പാകിസ്ഥാനുമായി പോർ മുഖത്ത് പോരാടാൻ ലഭിച്ച അവസരം ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായി  കാണുന്നു.  

ഇന്ന് നമ്മുടെ രാഷ്‌ട്രം ഒരുപാട് പുരോഗമിച്ചിരിക്കുന്നു, സൈന്യത്തിന്റെ ക്ഷമതയുടെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ലോകത്ത് ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത ശക്തിയായി ഭാരതം മാറിയിരിക്കുകയാണ്. ഇപ്പോൾ സൈന്യത്തിന് പൂർണ പിന്തുണ നൽകുന്ന ഒരു സർക്കാർ ഉണ്ട്. 10 ചൈന പട്ടാളക്കാർക്ക് സമമാണ് ഒരു ഇന്ത്യൻ സൈനികൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു  യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഉണ്ടായാൽ തീർച്ചയായും വിജയം ഇന്ത്യയുടെ ഭാഗത്തായിരിക്കും എന്നും അദ്ദേഹം പറയുന്നു. ചൈനയെക്കാൾ ഏറെ സാങ്കേതികമായി മുന്നേറാൻ  ഭാരതത്തിന് സാധിച്ചിട്ടുണ്ട്.  

ചൈന അംഗസംഖ്യയിലും മിസൈലുകളുടെ എണ്ണത്തിലും മുൻപിൽ  ആണെങ്കിലും പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ  ബലിനൽകുവാൻ  മനസ്സുള്ള സൈനികരും രാഷ്‌ട്രസ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന  ജനങ്ങളുമാണ് ഇന്ത്യയുടെ ശക്തി. ഈ ശക്തിക്കു മുമ്പിൽ ലോകത്തിലെ ഒരു രാജ്യത്തിനും പിടിച്ചുനിൽക്കാൻ  സാധിക്കില്ല എന്നുംഅദ്ദേഹം പറയുന്നു.  വിരമിച്ച  സൈനികർക്ക് കേരളത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് മാത്രമാണ് ഈ എൺപതാം വയസ്സിലും ഹൃദയത്തിൽ രാജ്യസ്‌നേഹം സൂക്ഷിക്കുന്ന ഈ പട്ടാളക്കാരന്റെ ആകെയുള്ള പരാതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക