ഹരി ഇലന്തൂർ
കോഴഞ്ചേരി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലയിൽ അട്ടിമറിക്കപ്പെടുന്നു. ഒപ്പം സമ്പർക്ക പട്ടികയും രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഒരു നഴ്സിനും ഒരു ആശാ പ്രവർത്തകക്കും കോവിഡ് സ്ഥിരീകരിച്ചതും അവരുടെ സമ്പർക്ക ഉറവിടം കണ്ടെത്താൻ ആവാത്തതും ആരോഗ്യ വകുപ്പിനെ അലട്ടുന്നു.
ജില്ലയിൽ ആകെ 198 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 122 പേർ രോഗികളായുണ്ട്. 119 പേർ ജില്ലയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മൂന്നു പേർ ജില്ലക്ക് പുറത്തും. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി രണ്ട്ലക്ഷത്തിലധികം പേർ നാട്ടിലെത്താൻ ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ രോഗ വ്യാപനത്തിന് സാധ്യതയേറും. സംസ്ഥാന സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടന്ന് പറയുമ്പോഴും യാത്രാനുമതി ഇതുവരെയും പരിമിതമായി തുടരുകയാണ്. പ്രവാസികൾ, ചെന്നൈ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിൽ നിന്നുമാണ് ഇനി ഏറെ പേർ പത്തനംതിട്ടയിലേക്ക് എത്താനുള്ളത്. ഇപ്പോൾ പലർക്കും യാത്രാനുമതി ലഭ്യമാവാത്തതാണ് മടക്കത്തിനുള്ള അമാന്തത്തിന് കാരണം.
ജില്ലയിൽ അവസാനം കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കർക്ക് ഇത് ബാധിച്ചത് എങ്ങനെയാണ് എന്നറിയാത്തതിനാൽ സാമൂഹിക വ്യാപന സാധ്യത ഉണ്ടോ എന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരവധി പേരുടെ സ്രവം പരിശോധനക്കായി എടുത്തു. എന്നാൽ കണ്ടൈൻമെന്റ് സോണിൽ പോലും റാൻഡം പരിശോധനക്കുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ആശാ വർക്കറുടെ സമ്പർക്ക പട്ടികയും പൂർണമല്ലന്ന് പഞ്ചായത്തംഗങ്ങൾ തന്നെ ആരോപിക്കുന്നു.
കോഴഞ്ചേരി പഞ്ചായത്തിലെ ഒരു ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചപ്പോൾ പഞ്ചായത്തിലും റാന്നിയിൽ സംസ്കാര ചടങ്ങുകളിലും ആശാ വർക്കറുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഈ സമ്പർക്ക പട്ടികയിൽ ആരും നിരീക്ഷണത്തിൽ പോയിട്ടുമില്ല എന്നത് ആശങ്ക ജനിപ്പിക്കുന്നു. പുറത്തു നിന്നു വരുന്നവരും നാട്ടിൽ സമ്പർക്ക രോഗവ്യാപനവും പത്തനംതിട്ട ജില്ലയെ വരും ദിവസങ്ങളിൽ വലിയ പ്രതിരോധത്തിലാക്കും എന്നാണ് ആരോഗ്യ പ്രവർത്തകരുടെ പക്ഷം.
4 രോഗബാധ 6 മുക്തി
പത്തനംതിട്ട: ജില്ലയിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആറുപേർ രോഗമുക്തി നേടി. ഇതുവരെ ആകെ 198 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 75 ആണ്. നിലവിൽ 122 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 119 പേർ ജില്ലയിലും 3 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയിൽ നിന്നുളള ഒരു രോഗി പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 56 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 13, റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 63, സ്വകാര്യ ആശുപത്രികളിൽ 6 പേരും ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 138 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 12 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 298 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ജില്ലയിൽ നിന്ന് 12741 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നലെ367 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളിൽ 194 എണ്ണം പോസിറ്റീവായും 11187 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1029 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
ജാഗ്രത ശക്തമാക്കണം: കെ. രാജു
പത്തനംതിട്ട: ജില്ലയിൽ കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ.രാജു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തന അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത്-വാർഡ് തലത്തിലുള്ള നിരീക്ഷണ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. നിലവിൽ ജാഗ്രത കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല.
വരുംദിവസങ്ങളിൽ ജില്ലയിലേക്കു കൂടുതൽ പ്രവാസികൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ നിയോജകമണ്ഡലത്തിലും കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കെയർ സെന്ററുകൾ ശുചീകരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. മൂന്നു ദിവസത്തിനുള്ളിൽ നിരീക്ഷണ സമിതി യോഗംചേർന്ന് കോവിഡ് കെയർ സെന്ററുകൾ ആക്കാനുള്ള കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തണമെന്നും രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: