കുണ്ടറ: കോവിഡും ഒപ്പം മഴക്കാല രോഗങ്ങളും പടരുന്ന സമയത്ത് ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ഓടകള്‍ വൃത്തിയാക്കുന്നില്ലെന്ന് പരാതി. ഇളമ്പള്ളൂര്‍- മുക്കട ഭാഗത്തുനിന്നും പുന്നമുക്കിലേക്ക് പോകുന്ന റോഡുകള്‍ സംഗമിക്കുന്ന ഭാഗത്തെ റോഡരികിലെ ഓടകള്‍ മൂടാത്തത് സമീപത്തെ താമസക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു.
മൂന്നുഭാഗത്തു നിന്നും കുത്തനെ ഇറക്കമുള്ള ഈ കവലയിലെ ഓടകളാണ് സ്ലാബുകളില്ലാതെ അപകടത്തിന് ഇടയാക്കുന്നത്. റോഡിന്റെ അരികുചേര്‍ന്നാണ് ഓടകളുള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ അടുത്തെത്തുമ്പോള്‍ മാത്രമാണ് അപകടസാധ്യത അറിയുന്നത്. പ്രധാനറോഡില്‍ നിന്നുള്ള തിരിവിലാണ് ഓടയെന്നത് അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഇതുമൂലം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
വളവില്‍ ഓടകള്ക്കിരുവശവും സുരക്ഷാഭിത്തികള്‍ കെട്ടാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമൂലമാണ് വാഹനങ്ങള്‍ കുഴിയിലേക്ക് വീഴുന്നത്. ഇരുചക്രവാഹനങ്ങള്‍ കുഴികളിലേക്ക് വീണും വലിയ വാഹനങ്ങളുടെ ടയറുകള്‍ ഓടയിലിറങ്ങിയുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
റോഡ് വൃത്തിയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നാല്‍ റോഡിലുള്ള ഓടകള്‍ പൂര്‍ണമായും വൃത്തിയാക്കാനോ അവയിലെ തടസ്സങ്ങള്‍ നീക്കാനോ സ്ലാബുകള്‍ ഇടാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മലിനജലം ഓടയില്‍ കെട്ടിക്കിടക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധത്തിനും കൊതുകു ശല്യത്തിനും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: