തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക, പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയ ബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് 24 ന് പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കും.
പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രിയുടെ കമ്പ്യുട്ടര്‍ സെല്‍, സി ഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈദ്യുത ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കേരള സോപ്പ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, പഞ്ചായത്തുകള്‍ തുടങ്ങിയവയിലെല്ലാം ആയിരക്കണക്കിന് താല്‍ക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളത്.
ആരോഗ്യ വകുപ്പില്‍ മാത്രം 6700 താല്‍ക്കാലിക തസ്തികകളാണ് ഉണ്ടാക്കിയത്. വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒഴിവ് റിപ്പോര്‍ട്ട് ചെയ്തവയില് അഡൈ്വസ് അയക്കുന്നില്ല. സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റ് ജൂണ്‍ 30 ന് അവസാനിക്കും. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര് പരീക്ഷയെഴുതിയ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83 ശതമാനം മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ.
2019 നിലവില്‍ വന്ന സിഇഒ ലിസ്റ്റിനു വേണ്ടി സര്‍ക്കാര്‍ 1.23 കോടി രൂപയാണ് ചെലവിട്ടത്. 3000 പേര് ഉള്‍പ്പെട്ട ലിസ്റ്റില്‍ 316 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ താല്‍ക്കാലിക നിയമനങ്ങള്‍ പിന്‍വാതില്‍ വഴി നടത്തുകയാണ്. എല്‍ഡി ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഷോര്‍ട്ട് ലിസ്റ്റുപോലും തയ്യാറാക്കാന്‍ പിഎസ്സി തയ്യാറായിട്ടില്ലെന്നും യുവമോര്‍ച്ച ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: