ശ്രീനഗര്‍: ലഡാക്കിലെ ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ എതിര് രാജ്യത്തിന്റെ ഏത് നീക്കവും മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനമാണ് ഇന്ത്യ പുതിയതായി ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക ഹെറോണ്‍ ടിപി എന്ന വിഭാഗത്തിലെ നിരീക്ഷണ ഡ്രോണുകളാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 40 കിലോഗ്രാം ആയുധങ്ങളും ഘടിപ്പിക്കാമെന്നതിനാല്‍ ശത്രുക്കളുടെ അപകടകരമായ നീക്കത്തിന് അപ്പോള്‍ത്തന്നെ തിരിച്ചടി നല്‍കാനാകും. 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുന്ന ക്ഷമതയുള്ളവയാണ് ഹെറോണ്‍ ഡ്രോണുകള്‍.
യുദ്ധമുഖത്ത് ഉപയോഗിക്കുന്ന റഡാറുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇസ്രായേലുമായുള്ള സൗഹൃദമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് മേല്‍ക്കൈ തരുന്നത്. ഇസ്രായേലിന്റെ സഹായത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ മനുഷ്യരഹിത നിരീക്ഷണ വിമാനങ്ങളുടെ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് കൂടാതെ 100 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ഇന്ന് ലേ സന്ദര്‍ശിക്കും. അടുത്തിടെ വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയ ലഡാക്കില്‍ സന്ദര്‍ശനം നടത്തി മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് നരവനെയും ലേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്നത്. സന്ദര്‍ശനവേളയില്‍ ഇന്ത്യാ- ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പാക്കിസ്ഥാന് അതിര്‍ത്തിയിലുമുള്ള സൈനിക വിന്യാസവും സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: