കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും ബിജെപി നേതാവുമായ അഡ്വ. യു.ടി രാജന്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട്‌സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യുവിലൂടെയാണ് രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ഭാരവാഹിയായിരുന്നു.കോഴിക്കോട്‌കോര്‍പ്പറേഷന്‍ ചെലവൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍, മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ല്‍ നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന്‍ കോണ്‍ഗ്രസ് എസ് പാര്‍ട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.ഇടതു മുന്നണി ധാരണ പ്രകാരം രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതു മുന്നണിയുടെ മേയറാായിരുന്ന രാജന്‍ 2019 ജൂലായ് 6ന് ബിജെപിയില്‍ ചേര്‍ന്നു.
സംസ്‌കാരം ഉച്ചയ്‌ക്ക് 2.30ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് വീട്ടില്‍ നിന്ന് ഭൗതികദേഹം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് കൊണ്ടുവരും. അല്‍പസമയം പൊതുദര്‍ശനത്തിനുവെച്ചശേഷം മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലിന് ടാഗോര്‍സെന്ററിനറി ഹാളില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും
ഭാര്യ: പിപി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മുന്‍ അംഗം). മക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). പരേതനായ തിഥിന്‍ രാജ്, മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി).
സഹോദരങ്ങള്‍: യു.ടി. ഷണ്‍മുഖന്‍ (കോണ്‍ട്രാക്ടര്‍), യു.ടി. രഘുവരന്‍ (കെ.എസ്.ആര്‍.ടി.സി.), വിശാലാക്ഷി, ഉഷാകുമാരി, പരേതരായ യു.ടി. അശോകന്‍, യു.ടി. ശിവരാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: