മാഡ്രിഡ്: വീണുകിട്ടുന്ന അവസരങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു കഴിഞ്ഞ രാത്രി നടന്ന റയല്‍ മാഡ്രിഡ്-റയല്‍ സോസിഡാഡ് മത്സരം. ബാഴ്സലോണ, സെവിയ്യക്കെതിരെ സമനില വഴങ്ങിയതാണ് ലാലിഗയില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള അവസരം റയല്‍ മാഡ്രിഡിന് ലഭിച്ചു. കിട്ടിയ അവസരം പരമാവധി ഉുപയോഗപ്പെടുത്തണമെന്ന ആവേശം റയലിന്റെ കളിയില്‍ തുടക്കം മുതല്‍ പ്രകടമായിരുന്നു. അമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സെര്‍ജിയോ റാമോസും എഴുപതാം മിനിറ്റില്‍ കരീം ബെന്‍സമയും റയലിന്റെ രക്ഷകരായി.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നേടിയ വിജയം ലീഗില്‍ റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഇരു ടീമുകള്‍ക്കും മുപ്പത് മത്സരങ്ങളില്‍ നിന്ന് 65 പോയിന്റ് വീതമുണ്ട്. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ നിന്നുള്ള മുന്‍തൂക്കമാണ് ബാഴ്സക്ക് മേല്‍ റയലിന് നിര്‍ണായകമായത്. ഇരു ടീമുകള്‍ക്കും ലീഗില്‍ എട്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. പോയിന്റുകള്‍ നഷ്ടപ്പെടുത്താതെ മുന്നേറിയാല്‍ സിനദിന്‍ സിദാനും കൂട്ടര്‍ക്കും ഒരിക്കല്‍ കൂടി കിരീടമുയര്‍ത്താം.
ബാക്കിയുള്ള മത്സരങ്ങളുടെ കണക്കും റയലിന് പ്രതീക്ഷ നല്കുന്നു. പോയിന്റ് പട്ടികയില്‍ അവസാന മൂന്ന് സ്ഥാനക്കാരുമായി റയലിന് മത്സരമുണ്ട്. ഗെറ്റാഫെയും വിയാറയലുമാണ് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുക. ഗെറ്റാഫെയ്ക്കെതിരെ അവരുടെ നാട്ടില്‍ നേടിയ മൂന്നും വിജയവും റയലിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുപ്പത് കളിയില്‍ നിന്ന് 52 പോയിന്റ് വീതമുള്ള സെവിയ്യയും അത്ലറ്റികോ മാഡ്രിഡുമാണ് ലീഗില്‍ മൂന്നും നാലും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: