ആനന്ദമയകോശത്തെ വിവരിച്ച് അതും ആത്മാവല്ല എന്ന് വ്യക്തമാക്കുന്നു.
ശ്ലോകം 209
നൈവായമാനന്ദമയഃ പരാത്മാ
സോപാധികത്വാത് പ്രകൃതേര്‍വികാരാത്
കാര്യത്വഹേതോഃ സുകൃത ക്രിയായാ
വികാരസംഘാതസമാഹിതത്വാത്
ആനന്ദമയകോശവും പരമാത്മാവല്ല. അത് ഉപാധികളോട് ചേര്‍ന്നതും പ്രകൃതിയുടെ വികാരവുമാണ്. പുണ്യകര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. നിരന്തരം മാറ്റമുള്ള മറ്റ് കോശങ്ങളുടെ കൂട്ടത്തില്‍ പെടുന്നതുമാണ്. അതിനാല്‍ ആനന്ദമയകോശത്തിന് ആത്മാവാകാനാവില്ല. ആനന്ദം അനുഭവിക്കുന്നുവെന്നതു കൊണ്ട് മാത്രം ആനന്ദമയകോശം ആത്മാവാണെന്ന് പറയാനാവില്ല. എന്നാല്‍ ആത്മാവല്ല എന്ന് പറയാന്‍ ധാരാളം തെളിവുണ്ട് താനും. സോപാധികത്വാത് ആനന്ദമയകോശം ഉപാധികളോട് കൂടിയതാണ്. അത് നിലനില്‍ക്കുന്നത് തന്നെ അവയിലാണ്. കാരണ ശരീരവുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കോശം എന്ന വിശേഷണം തന്നെ അതിന്റെ പരിമിതിയെക്കുറിക്കുന്നുണ്ട്. ചിലപ്പോള്‍ ആനന്ദ അനുഭവം ഉണ്ടാകും. മറ്റ് ചിലപ്പോള്‍ ഉണ്ടാകുകയുമില്ല. എപ്പോഴും ഈ ആനന്ദം ഒരുപോലെ നിലനില്‍ക്കാത്തതിനാല്‍ ആനന്ദമയകോശവും ആത്മാവല്ല.
പ്രകൃതേര്‍വികാരാത് പ്രകൃതിയുടെ അഥവാ അവിദ്യയുടെ സൂക്ഷ്മമായ തരത്തിലുള്ള വികാരമാണ് ആനന്ദമയകോശം. അവിദ്യ തന്നെയാണ് സ്ഥൂല രൂപത്തില്‍ കാമമായും പിന്നെ കര്‍മ്മമായും മാറുന്നത്. വാസനകള്‍ നിറഞ്ഞ കാരണ ശരീരമാണ് ആനന്ദമയകോശം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീ ഉപാധികളെപ്പോലെ വാസനാ മാലിന്യവും പ്രകൃതിയുടെ വികാരമാണ്. അക്കാരണം കൊണ്ടും ആനന്ദമയകോശം ആത്മാവല്ല.
സുകൃത ക്രിയായാ മുമ്പ് ചെയ്ത സത് കര്‍മ്മങ്ങളുടെ ഫലമായാണ് ആനന്ദമയ കോശം പ്രകടമാകുന്നത്. അത് കാര്യമാണ്, കാരണമല്ല. കാമം കര്‍മ്മം എന്നിവയുടെ കാരണമാണെങ്കിലും ആനന്ദമയകോശം സത്കര്‍മ്മമാകുന്ന കാരണത്തില്‍ നിന്ന് ഉണ്ടായതാണ്. അതിനാല്‍ അത് ആത്മാവല്ല. വികാരമുള്ള വസ്തുക്കളോട് കൂടിച്ചേര്‍ന്ന് നില്‍ക്കുന്നതാണ് ആനന്ദമയകോശം. വാസനകളെ പ്രകടമാക്കുന്ന ചിന്തകളോട് കൂടിച്ചേര്‍ന്നിരിക്കുന്നതാണ് ആനന്ദമയം. ചിന്തകള്‍ മനോബുദ്ധി തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിന്തകള്‍ നിരന്തരം മാറുന്നവയുമാണ്. ഇത് വാസനയിലും പ്രതിഫലിക്കും. വാസനകളുടെ കൂമ്പാരമാണ് ആനന്ദമയം. അനുകൂലമായ സാഹചര്യത്തില്‍ ആ വാസനകള്‍ പ്രകടമാകും. അതിനാല്‍ വികാര വസ്തുവിനോട് ചേരുന്ന ആനന്ദമയകോശം ആത്മാവല്ല. അത് വികാരമുള്ള മറ്റ് കോശങ്ങള്‍ പോലെയാണ്. ആത്മാവിന് ഉപാധികളോ മാറ്റങ്ങളോ പ്രവര്‍ത്തനങ്ങളോ കൂടിച്ചേരലുകളോ ഇല്ല. അത് ഒന്നിനേയും ആശ്രയിക്കുന്നില്ല.
ശ്ലോകം 210
പഞ്ചാനാമപി കോശാനാം
നിഷേധേ യുക്തിതഃ ശ്രുതേഃ
തന്നിഷേധാവധിഃ സാക്ഷി
ബോധരൂപോളവശിഷ്യതേ
ശ്രുതി പ്രമാണ പ്രകാരമുള്ള യുക്തികളാല്‍ പഞ്ചകോശങ്ങളേയും നീക്കിയാല്‍ സാക്ഷിയും ജ്ഞാനസ്വരൂപവുമായ ആത്മാവ് മാത്രം അവശേഷിക്കും. കഴിഞ്ഞ 55 ല്‍ പരം ശ്ലോകങ്ങളെ കൊണ്ട് പഞ്ച കോശവിവരണവും അവയുടെ നിഷേധവും നടത്തി. അവയൊന്നുമല്ല ആത്മാവ് എന്ന് വ്യക്തമാക്കി. ആത്മാവിന്റെ സ്വരൂപമൊന്നും അവയ്‌ക്കില്ലാത്തതിനാല്‍
പാടെ നിരാകരിച്ചു. ഇത് ശ്രുതി പ്രമാണത്തെ ആശ്രയിച്ചാണ് ചെയ്തത്. അത് യുക്തിയുക്തം സമര്‍ത്ഥിക്കുകയും ചെയ്തു. ഇവയെ എല്ലാം തള്ളിയതുവഴി ആത്മസ്വരൂപം മാത്രം അവശേഷിച്ചു. സാക്ഷിയും ബോധസ്വരൂപവുമായതാണ് ആത്മാവെന്ന് ഉറപ്പിച്ചു. ഇതിനാല്‍ പഞ്ചകോശങ്ങളല്ല ആത്മാവ് എന്നും അവയ്‌ക്ക് അതീതമാണ് എന്നും വ്യക്തമാക്കി. എല്ലാ നിഷേധങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഞാന്‍ തന്നെയാണ് എന്റെ യഥാര്‍ത്ഥ സ്വരൂപം തന്നെയാണ് ആത്മാവ്. അത് ശുദ്ധ ജ്ഞാനസ്വരൂപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക