കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ബെംഗളൂരുവിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം സയനൈഡ് ചേര്‍ത്ത ഗുളിക നല്കി കൊലപ്പെടുത്തിയ കേസില്‍ ‘സീരിയല്‍ കില്ലറായ’ സയനൈഡ് മോഹന്‍ (57) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മംഗളൂരു അഡീഷനല്‍ സെഷന്‍സ് കോടതി ആറ് ജഡ്ജി സെയ്ദുനിസയാണ് സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കും. കാസര്‍കോട്ടെ വനിതാ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25കാരിയെയാണ് മോഹന്‍ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും മൂന്നു തവണ കാസര്‍കോട് സ്വദേശിനിയുടെ വീട് മോഹന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിലാക്കാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ മോഹന്‍ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം യുവതിയുടെ കുടുംബാംഗങ്ങള്‍ മോഹനെ വിളിച്ചപ്പോള്‍, താനും യുവതിയും വിവാഹിതരാണെന്നും വീട്ടിലേക്ക് മടങ്ങുമെന്നുമാണ് മോഹന്‍ അറിയിച്ചത്. എന്നാല്‍, പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി മരിച്ച വിവരം അറിഞ്ഞത്.
യുവതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കര്‍ണാടക പോലീസ് മോഹനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ബസ്സ്റ്റാന്റിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞശേഷം മുറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വെച്ചശേഷം മോഹനൊപ്പം ഇറങ്ങിയ യുവതിയെ ബസ്സ്റ്റാന്റിലെ ടോയ്ലെറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭനിരോധന ഗുളികയാണെന്ന് പറഞ്ഞ് മോഹനന് സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കുകയായിരുന്നു.
സമാനമായ രീതിയില്‍ 2003 മുതല്‍ 2009 വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന് കൊലപ്പെടുത്തിയത്. മോഹനെതിരെയുള്ള രജിസ്ട്രര്‍ ചെയ്ത 20ാമത്തെതും അവസാനത്തെയുമായ കൊലപതാക കേസാണിത്. നേരത്തെ സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും, മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു. ഇപ്പോഴത്തെ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജുഡിത്ത് ഒ.എം ക്രാസ്തയും പിന്നീട് ജയറാം ഷെട്ടിയുമാണ് കോടതിയില്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: