നെയ്യാറ്റിന്‍കര: എല്‍ഡിഎഫ് നേതൃത്വം നല്കുന്ന നെയ്യാറ്റിന് നഗരസഭയില്‍ അഴിമതിക്ക് പിന്നാലെ ഭരണപക്ഷത്തിലെ രാജിയും കൂടെ ആയപ്പോള്‍ എല്‍ഡിഎഫ് പ്രതിസന്ധിയിലായി. നഗരസഭയിലെ വാര്‍ഡുകളില്‍ വിനിയോഗിച്ച ഫണ്ടുകളിലെ അഴിമതിയെ തുടര്‍ന്ന് വിജിലന്‍സില്‍ പരാതിയുമുണ്ട്. തുടര്‍ന്ന് വിജിലന്‍സ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കൊല്ലം നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയതായും പൊതുമരാമത്ത് റോഡില്‍ ഇന്റര്‍ലോക്ക് പണിയുന്നതിനും വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചതിനും നഗരസഭാ ഫണ്ട് ഉപയോഗിച്ചത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം പാര്‍ട്ടിയിലെ തന്നെ പെരുമ്പഴതൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ. ശശിധരനാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ജൂലൈ 18 ന് വിജിലന്‍സ് നഗരസഭയില്‍ നടത്തിയ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഗവ. അഡീഷണല്‍ സെക്രട്ടറി രമണി മാത്യു ആവശ്യപ്പെട്ടത്.
നഗരസഭയ്ക്ക് എതിരെ സിപിഎം ജില്ലാ കമ്മറ്റിയുടെ അറിവോടെയാണ് പെരുമ്പഴുതൂര്‍ എല്‍സി സെക്രട്ടറി പരാതി നല്‍കിയതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയുന്നത്. എല്‍സി സെക്രട്ടറി നല്കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതോടെ എല്‍ഡിഎഫിലെ മുറുമുറുപ്പ് പരസ്യമായ ഗ്രൂപ്പ് പോരിലേക്ക് മാറുകയാണ്. നഗരസഭയിലെ വിജിലന്‍സ് കേസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍സിപ്പല്‍ യോഗം ഇന്ന് രാവിലെ 10.30നും ഏര്യ കമ്മറ്റി യോഗം വൈകുന്നേരം 3 മണിക്കും വിളിച്ചിട്ടുണ്ട്. പരാതി നല്കിയ എല്‍സി സെക്രട്ടറിയെയും വിളിച്ചു വരുത്തും.
വിജിലന്‍സ് പരിശോധനയെ ഭയന്ന് ഇരുന്ന നഗരസഭയിലെ എല്‍ഡിഎഫ് നേതൃത്വത്തിന് മറ്റൊരു ഇരുട്ടടിയാണ് സിപി എം കൗണ്‍സിലറുടെ രാജി. ആരോഗ്യവകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇളവനിക്കര വാര്‍ഡ് കൗണ്‍സിലര്‍ സജികുമാര്‍ രാജിവച്ചത്. നെയ്യാറ്റിന്‍കര നഗരസഭയില്‍ ആകെയുള്ളത് 44 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫ്-22, യുഡിഎഫ്-12, കോണ്‍ഗ്രസ് വിമതര്‍-5, ബിജെപി-5 ഇങ്ങനെയാണ് അംഗബലം. ഇതില്‍ വലിയ കക്ഷി എന്ന നിലയിലാണ് എല്‍ഡിഎഫ് ഭരണം നടത്തിയിരുന്നത്. മാത്രവുമല്ല, കോണ്‍ഗ്രസ് വിമതരുടെ പിന്തുണ തുടക്കത്തിലേ എല്‍ഡിഎഫിനായിരുന്നു. പിന്നീട് ജോജിനും പുന്നയ്ക്കാട് സജുവും കോണ്‍ഗ്രസ്സില്‍ തിരികെയെത്തി. എന്നിട്ടും എസ്.എസ്. ജയകുമാര്‍, അനിത, വിജയന് എന്നിവരുടെയും മാണി കോണ്‍ഗ്രസ്സിലെ സുരേഷ്കുമാറിന്റെയും പിന്തുണ എല്‍ഡിഎഫിനു ലഭിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. തമ്മില്‍ത്തല്ലും പ്രതിസന്ധിയും തുടര്‍ന്നാല്‍ നഗരസഭയിലെ ഭരണം കൈവിട്ടു പോകുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ് നേതൃത്വം.
പ്രദീപ് കളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: