ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഗ്യാപ്പ് റോഡ് ദൃശ്യഭംഗികൊണ്ടും നിര്‍മ്മാണ മികവുകൊണ്ടും ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മേഖലയാണ്. ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം.
2017ലാണ് ഇവിടെ വീതികൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അവസാനമായി ഈ മാസം 17നും ആണ് മലയിടിച്ചിലുണ്ടായത്. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുമാണ് മലയിടിച്ചിലിന് കാരണം. നിലവിലെ റോഡിന്റെ ഇരട്ടിയിലും അധികം വീതിയിലാണ് നിര്‍മ്മാണം. ഇതിനായി അനുവദിച്ചതിലും കൂടുതല്‍ പുറംമ്പോക്ക് സ്ഥലം കൈയേറി പാറപ്പൊട്ടിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗസ്ഥര്‍ പലതവണകളായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പഠനത്തിനെത്തിയ കോഴിക്കോട് എന്‍ഐറ്റി പോലും നിര്‍മ്മാണം തുടരുന്നതിന് അനുമതി കൊടുക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ദേശീയ പാത അതോററ്റിയും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി തിരിച്ച് പോകും അത്രമാത്രം. ബ്രിട്ടീഷ് ഭരണക്കാലത്ത് 1940കളിലാണ് ഈ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. ഇതിലെ മൂന്ന് കിലോ മീറ്ററോളം വരുന്ന ഭാഗത്താണ് തുടര്‍ച്ചയായി മലയിടിച്ചിലുണ്ടാകുന്നത്.
അതേ സമയം ഒരുകാലത്തും ധനുഷ്‌കോടിയ്‌ക്ക് ഇതുവഴിയുള്ള യാത്ര സുരക്ഷിതമാകില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.സി. ഇന്ദുചൂടന്‍ പറയുന്നു. ദുരന്തം ഇവിടെ തുടര്‍ക്കഥയാകുമെന്ന് ഉറപ്പ് വരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തിയത്. മറ്റ് മാര്‍ഗങ്ങളായ പാറതുരന്നുള്ള നിര്‍മ്മാണമോ കൊക്കപോലുള്ള മേഖലയിലേക്ക് വീതി കൂട്ടി തൂണുകള്‍ നാട്ടിയുള്ള നിര്‍മ്മാണമോ നടത്താമായിരുന്നു. എന്നാല്‍ യാതൊന്നും പരിശോധിക്കാതെ ശാസ്ത്രീയമായി പഠനം നടത്താതെ നശീകരണ പ്രവര്‍ത്തനവും കൊള്ള ലാഭവും ലക്ഷ്യം വെച്ചാണ് ഇവിടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അന്നത്തെ തഹസില്‍ദാര്‍ വന്‍തോതിലുള്ള പാറപ്പൊട്ടിക്കലും ഭൂമി കൈയേറ്റവും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ മാറിയെത്തിയ തഹസില്‍ദാര്‍, രണ്ട് സബ് കളക്ടര്‍മാര്‍, ജില്ലാ കളക്ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ ഡിഎഫ്ഒ തുടങ്ങിയവും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതില്‍ പഠനം നടത്താനെത്തിയ കോഴിക്കോട് എന്‍ഐറ്റിയിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. തുടര്‍ച്ചായി 5 വര്‍ഷത്തോളം ഇവിടെ മലയിടിയും എന്നാണ് ഇതുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍ പറയുന്നത്. എന്നാല്‍ താഴെ താമസിക്കുന്ന മുതുവാന്‍ സമുദായത്തിലെ ആളുകള്‍ ഇതോടെ ഭീതിയിലാണ്. മലയ്‌ക്ക് മുകളിലുള്ള സംരക്ഷിത വനഭൂമിയും ഇതോടെ ഭീഷണിയിലായി. നൂറ് കണക്കിന് ഏക്കര്‍ കൃഷി സ്ഥലമാണ് മണ്ണിടിഞ്ഞ് മാത്രം ഇല്ലാതായത്.
പഠനം ആവശ്യമായിരുന്നു: എം.പി.
അനുമതി കൊടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ പഠനം ആവശ്യമായിരുന്നെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. മലയിടിയുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വിശദമായ അന്വേഷണം ഈ സംഭവത്തില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: