കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ ആകസ്മിക മരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര്. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായ കെ. പ്രമോദാണ് പരാതിയുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചതെന്ന ആരോപണവുമായാണ് പ്രമോദ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായ ദീവേഷ് ചേനോളി എന്ന സൈബര്‍ ഗുണ്ട കഴിഞ്ഞ രണ്ടുദിവസമായി ചിലരുടെ വ്യക്തിതാല്പര്യത്തിനായി കെ. സുരേന്ദ്രനെ അഴിമതിക്കാരനായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ഇതേതുടര്‍ന്ന് കെ. സുരേന്ദ്രന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പ്രമോദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ രാഷ്ട്രീയ ഭാവി തര്‍ക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നതായി സുരേന്ദ്രന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പ്രമോദ് ആരോപിച്ചു. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി കുപ്പായം തുന്നിവെച്ച് നടക്കുന്നു വെന്ന് തുടങ്ങി സിപിഎമ്മിന്റെ ചാരനാണ് എന്നുവരെ പ്രചരണം നടത്തിയിരുന്നതായും ഫെയ്സ്ബുക്കില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ നടന്ന ഈ കുപ്രചരണം കണ്ട് നിരവധി പേര് അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും സത്യാവസ്ഥ ആരായുകയും ചെയ്തായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ അദ്ദേഹം മാനസികമായി തളര്‍ന്നുവെന്നും മറ്റൊരു അസുഖവുമില്ലാതിരുന്ന അദ്ദേഹം നെഞ്ചുപൊട്ടി മരിക്കാന്‍ കാരണം ഈ കുപ്രചരങ്ങളാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നിയമനടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സും ഐഎന്‍ടിയുസിയും തയ്യാറാകണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: