തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നുവെന്ന് സൂചന നല്കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് വ്യാപനം നടന്നുകഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഐസിഎംആര്‍ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. അടുത്തിടെ വിവിധ ജില്ലകളില്‍ ഉറവിടമറിയാത്ത വൈറസ് ബാധിതരുണ്ടായത് ഈ റിപ്പോര്‍ട്ട് ശക്തിപ്പെടുത്തുന്നു.
സംസ്ഥാനത്ത് വ്യാപനമുണ്ടോയെന്നറിയാന് ഐസിഎംആര്‍ കേരളത്തില്‍ ആയിരത്തിഇരുനൂറു പേരിലാണ് സര്‍വെ നടത്തിയത്. പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്ന് 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അവസരത്തില്‍ നാല് പേര് പോസിറ്റീവായത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മെയ് മൂന്നു മുതലാണ് സാമ്പിള്‍ ശേഖരണം ആരംഭിച്ചത്. മെയ് നാലിന് ശേഷം ഉറവിടം അറിയാത്ത 51 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നും സാമ്പിളുകള്‍ പരിശോധിച്ചാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് ഐസിഎംആര്‍ വിലയിരുത്തുന്നു. ഉറവിടമറിയാത്ത കൊറോണ രോഗികളുടെ ആകെ എണ്ണം 73 ആണ്. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തതും പ്രായം കുറഞ്ഞതും രോഗസാധ്യതയില്ലാത്തവരിലുമാണ് പരിശോധന നടത്തിയത്. വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിച്ചത്.
പോസിറ്റീവ് എന്നു കണ്ടെത്തിയവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാം. എന്നാല്‍ ഇവരില്‍ നിന്ന് എത്രത്തോളം പേര്‍ക്ക് രോഗം പകര്‍ന്നുവെന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കും. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്ന് 400 പേരുടെ സാമ്പിളാണ് പരിശോധിച്ചത്. തൃശൂരില്‍ മൂന്നു പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്. പാലക്കാട് ആരിലും കണ്ടെത്തിയില്ല. ഐസിഎംആറിന്റെ രാജ്യവ്യാപക സര്‍വെയുടെ ഭാഗമായായിരുന്നു പരിശോധന. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐസിഎംആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ വ്യക്തമാക്കി. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഐസിഎംആര്‍ കൈമാറും. സംസ്ഥാനം നടത്തിയ ആന്റിബോഡി പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതില്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്ന കണക്കുകളെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: