തൃശൂര്‍: ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അന്നമൂട്ടുന്ന സ്കൂള്‍ പാചകത്തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും മൂന്നുവര്‍ഷത്തെ വേതന കുടിശിക നല്‍കിയില്ല. സ്കൂളുകള്‍ തുറക്കാന്‍ വൈകുന്നത് സ്കൂള്‍ പാചകത്തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലാക്കിയിരിക്കുകയാണ്.
ജില്ലയില്‍ വിവിധ സ്കൂളുകളിലായി പണിയെടുക്കുന്ന അഞ്ഞൂറോളം സ്കൂള്‍ പാചകത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇതോടെ വഴിമുട്ടി. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇവരുടെ ദുരിതജീവിതം കണ്ടിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരാണ് സ്കൂള്‍ പാചകത്തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് ഇവന് കുടുംബം പുലര്‍ത്തിയിരുന്നത്.
തൊഴിലാളികള്‍ക്ക് 2017 മുതല്‍ 2020 വരെയുള്ള ലക്ഷക്കണക്കിന് രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. ജീവിക്കാന്‍ വേറെ വഴികള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികളെല്ലാം ഇപ്പോള്‍ കൂലിപ്പണിക്കും മറ്റും പോകുകയാണ്. ഏപ്രില്‍-മെയ് മാസങ്ങളിലായി 2000 രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കിയത് ഒഴിച്ചാല്‍ മറ്റു സാമ്പത്തിക സഹായങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നല്കിയ തുക ലോക്ഡൗണ്‍ മാസത്തെ കറന്റ് ബില്ല് അടയ്ക്കാന്‍ മാത്രമേ തികഞ്ഞുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു.
ലോക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് മറ്റു പണികള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. സ്കൂള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ടാകുന്ന മുറയ്ക്ക് കുടിശിക നല്‍കുമെന്നാണ് കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന് നല്കിയ നിവേദനത്തിന് രേഖാമൂലം സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മറുപടി. കടുത്ത പ്രതിസന്ധിയെ നേരിടുന്ന തങ്ങള്‍ക്ക് കൊറോണ ബോണസ് ഏര്‍പ്പെടുത്തി വേതനത്തിന്റെ പകുതിയെങ്കിലും നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ മാസങ്ങളിലെ വേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സ്കൂളുകള്‍ തുറക്കുന്നതു വരെ എങ്ങനെ കുടുംബം പോറ്റുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ തൊഴിലാളികള്‍. സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങാനാണ് സ്കൂള്‍ പാചകത്തൊഴിലാളികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: